കൊച്ചി: മന്ത്രി കെ.എം. മാണിക്കു കോഴ നല്‍കിയെന്നാരോപണമുന്നയിച്ച, കേരള ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. ബിജു രമേശിനു സംഘടനയുടെ നിര്‍വാഹകസമിതി പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ബിജു രമേശിനെതിരേ നിയമനടപടി സ്വീകരിക്കാന്‍ കേരളാ കോണ്‍ഗ്രസ് (എം) ഉന്നതാധികാരസമിതി തീരുമാനിച്ചതിനു തൊട്ടുപിന്നാലെയാണു കൊച്ചിയില്‍ യോഗം ചേര്‍ന്ന ബാര്‍ ഉടമകള്‍ നേതാവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. കോഴ കൈപ്പറ്റിയവരുടെ വിവരങ്ങള്‍ അംഗങ്ങളില്‍നിന്നു ശേഖരിച്ചശേഷം വസ്‌തുതകള്‍ വെളിപ്പെടുത്താനാണ് അസോസിയേഷന്റെ തീരുമാനം. തെളിവുശേഖരണത്തിനായി അഞ്ചംഗസമിതിയും രൂപീകരിച്ചു. കോഴയാരോപണത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ കഴിഞ്ഞദിവസം തിരുവനന്തപുരത്തു ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) നേതൃയോഗം സമിതിയെ നിയോഗിച്ചതിനു പിന്നാലെയാണ്, കോഴ കൈപ്പറ്റിയവരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ ബാര്‍ ഹോട്ടല്‍ അസോസിയേഷനും അതേ മാര്‍ഗം കൈക്കൊണ്ടത്. ഇതോടെ ഇക്കാര്യത്തില്‍ തുടര്‍ന്നുള്ള നിയമപോരാട്ടം വീറുറ്റതാകുമെന്നുറപ്പായി. കോഴയാരോപണത്തിന്മേല്‍ വിജിലന്‍സ് ആരംഭിച്ച അന്വേഷണത്തോടു സഹകരിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് രാജ്‌കുമാര്‍ ഉണ്ണി പത്രസമ്മേളനത്തില്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ബിജു രമേശ് ഇന്നു തിരുവനന്തപുരത്തു വിജിലന്‍സിനു മുന്നില്‍ ഹാജരായി മൊഴിനല്‍കും. എന്നാല്‍, ആദ്യഘട്ടത്തില്‍ അദ്ദേഹത്തിന്റെ പക്കലുള്ള തെളിവുകള്‍ പൂര്‍ണമായി കൈമാറാന്‍ സാധ്യത കുറവാണ്. കൂടുതല്‍ പേര്‍ക്കു കോഴപ്പണം നല്‍കിയതായി യോഗത്തില്‍ അംഗങ്ങള്‍ വെളിപ്പെടുത്തിയെങ്കിലും ആ വഴിക്കുള്ള ചര്‍ച്ചകള്‍ പിന്നീടു മതിയെന്ന നിര്‍ദേശമാണു നേതാക്കള്‍ നല്‍കിയത്. അംഗങ്ങളുടെ കൈവശമുള്ള തെളിവുകള്‍ ശേഖരിക്കാന്‍ സംസ്‌ഥാന ജനറല്‍ സെക്രട്ടറി എം.ഡി. ധനേഷ് അധ്യക്ഷനായി അഞ്ചംഗസമിതിയെ നിയോഗിച്ചു. തെളിവുകളുടെ അടിസ്‌ഥാനത്തില്‍ പൊതുയോഗത്തിന്റെ അംഗീകാരത്തോടെ വസ്‌തുതകള്‍ വെളിപ്പെടുത്തുമെന്നാണ് അസോസിയേഷന്റെ നിലപാട്. യോഗത്തില്‍ പലര്‍ക്കുമെതിരേ അതീവഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടതായി രാജ്‌കുമാര്‍ പറഞ്ഞു. കേസ് വിജിലന്‍സിനു മുമ്പാകെയായതിനാല്‍ അവ മാധ്യമങ്ങളോടു വെളിപ്പെടുത്തുന്നില്ല. ബിജു രമേശിന്റെ ആരോപണത്തെ ആദ്യം എതിര്‍ത്ത സംസ്‌ഥാന പ്രസിഡന്റ് രാജ്‌കുമാര്‍ ഉണ്ണിയുടെ നിലപാടിലും യോഗത്തിനുശേഷം മാറ്റമുണ്ടായി. അസോസിയേഷന്റെ അഭിപ്രായത്തിനൊപ്പം നില്‍ക്കുമെന്ന് അദ്ദേഹം വ്യക്‌തമാക്കി. പണം കൈമാറിയത് അസോസിയേഷന്റെ അറിവോടെയാണെന്നു വരുന്നത് നിയമപ്രശ്‌നങ്ങള്‍ സൃഷ്‌ടിക്കും. അതുകൊണ്ടാണു വ്യക്‌തികള്‍ കൈമാറിയ പണത്തെ സംബന്ധിച്ചു തെളിവുകള്‍ ശേഖരിക്കാനും പൊതുയോഗത്തിന്റെ അംഗീകാരം തേടാനും തീരുമാനിച്ചത്. നിലവിലുള്ള മുഴുവന്‍ കേസുകളിലും പ്രഗത്ഭരായ അഭിഭാഷകരെ നിയോഗിക്കാനും യോഗം തീരുമാനിച്ചു. ബാര്‍ ഹോട്ടലുകള്‍ അടച്ചതുമൂലം തൊഴില്‍ നഷ്‌ടപ്പെട്ട് ആത്മഹത്യചെയ്‌ത തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അസോസിയേഷന്‍ ഒരുലക്ഷം രൂപവീതം നല്‍കും.








