വിശാഖപട്ടണം: വിശാഖപട്ടണത്ത് നാവികസേനയുടെ കപ്പല്‍ മുങ്ങി ഒരാള്‍ മരിച്ചു. നാലു പേരെ കാണാതായി ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നു. ടോര്‍പിഡോ റിക്കവറി വെസല്‍ ആണ് മുങ്ങിയത്. മുങ്ങിക്കൊണ്ടിരുന്ന കപ്പലില്‍ നിന്ന് 23 പേരെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയാണ് കപ്പല്‍ അപകടത്തില്‍പെട്ടത്. കപ്പല്‍ ഇതികനം 370 മീറ്ററോളം താഴ്ന്നുകഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവരില്‍ ഒരാളാണ് മരിച്ചത്. രാത്രി മുഴുവന്‍ രക്ഷാപ്രവര്‍ത്തനം തുടരുകയായിരുന്നു. വിശാഖപട്ടണത്തു നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു അപകടം. ടോര്‍പിഡോയ്ക്കായുള്ള തെരച്ചില്‍ നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. വിള്ളലിലൂടെ കപ്പലിന്റെ ഒരു കമ്പാര്‍ട്ട്‌മെന്റില്‍ വെള്ളം കയറിയിരുന്നു. പിന്നീട് ഇതിന്റെ വ്യാപ്തി വര്‍ധിച്ചതാണ് കപ്പല്‍ മുങ്ങിപ്പോകുന്നതിനു കാരണമായത്.
ഗോവ ഷിപ്പ് യാര്‍ഡില്‍ നിര്‍മിച്ച ടിആര്‍വി 1983ല്‍ ആണ് കമ്മിഷന്‍ ചെയ്തത്. അപകടത്തെ തുടര്‍ന്ന് നാവികസേന മേധാവി അഡ്മിറല്‍ ആര്‍.കെ ധോവന്‍ വിദേശപര്യടനം റദ്ദാക്കി മടങ്ങി. കഴിഞ്ഞ വര്‍ഷങ്ങളില്‍ നാവികസേനയുടെ അന്തര്‍വാഹിനി അടക്കം അപകടത്തില്‍പെട്ടിരുന്നു. 2013ല്‍ ഒരു അന്തര്‍വാഹിനിയിലുണ്ടായ പൊട്ടിത്തെറിയില്‍ 18 നാവികര്‍ കൊല്ലപ്പെട്ടിരുന്നു. 2014 ഫെബ്രുവരിയില്‍ ഐഎന്‍എസ് സിന്ധുരക്ഷകിലുണ്ടായ അപകടത്തില്‍ നാലു നാവികരാണ് മരിച്ചത്. ഇതേ തുടര്‍ന്ന് അന്നത്തെ മേധാവി അഡ്മിറല്‍ ഡി.കെ ജോഷി പദവി രാജിവച്ചിരുന്നു.








