Home » » സി.പി.എമ്മിന്‌ വെല്ലുവിളി ഉയര്‍ത്തി ചെഗുവേര ഫോറത്തിന്റെ പ്രകടനം

സി.പി.എമ്മിന്‌ വെല്ലുവിളി ഉയര്‍ത്തി ചെഗുവേര ഫോറത്തിന്റെ പ്രകടനം

Written By Unknown on Tuesday, 4 November 2014 | 17:09

മലപ്പുറം : സി.ഐ.ടി.യു.ജില്ലാ സെക്രട്ടറിയും സി.പി.എം.തിരൂരങ്ങാടി ഏരിയാ കമ്മിറ്റിയംഗവുമായിരുന്ന കെ.പി.ബാലകൃഷ്‌ണനെ സി.പി.എമ്മില്‍നിന്ന്‌ സസ്‌പെന്റ്‌ ചെയ്‌തതില്‍ പ്രതിഷേധിച്ച്‌ അണികള്‍ പരസ്യമായി രംഗത്തെത്തി. കെ.പി.യെ അനുകൂലിക്കുന്നവര്‍ ചേര്‍ന്ന്‌ രൂപം കൊടുത്ത ചെഗുവേര കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈകീട്ട്‌ ചേളാരിയില്‍ ശക്തി പ്രകടനം നടത്തി. പ്രകടനത്തില്‍ നൂറുകണക്കിന്‌ അണികള്‍ പങ്കെടുത്തത്‌ സി.പി.എം.നേതൃത്വത്തെ ഞെട്ടിപ്പിച്ചിട്ടുണ്ട്‌. പാര്‍ട്ടി കൊടികള്‍ പിടിച്ച്‌ നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി കൊണ്ടുള്ള മുദ്രാവാക്യവുമായാണു പ്രകടനം നടത്തിയത്‌.

കുടുംബങ്ങള്‍ തമ്മിലുള്ള വഴിപ്രശ്‌നത്തില്‍ പാര്‍ട്ടിയെടുത്ത സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കുക എന്നതാണ്‌ അണികളുടെ പ്രധാന ആവശ്യം. കെ.പി.യെ അനുകൂലിക്കുന്നവര്‍ ചേര്‍ന്ന്‌ ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ ചെഗുവേര കള്‍ച്ചറല്‍ ഫോറത്തിന്‌ രൂപം നല്‍കിയിരുന്നു. വര്‍ഷങ്ങളായി സി.പി.എമ്മിന്റെ ഏരിയാകമ്മിറ്റി അംഗവും തൊഴിലാളി പ്രസ്ഥാനത്തിന്റെ ജില്ലയിലെ തലമുതിര്‍ന്ന നേതാവുമായിരുന്നു കെ.പി.ബാലകൃഷ്‌ണന്‍. പാര്‍ട്ടി നടപടിയില്‍ പ്രതിഷേധിച്ചും കെ.പി.യെ അനുകൂലിച്ചും ഇത്രയധികം പ്രവര്‍ത്തകര്‍ രംഗത്തുവന്നത്‌ സി.പി.എമ്മിന്‌ വരും ദിവസങ്ങളില്‍ കൂടുതല്‍ തലവേദന സൃഷ്‌ടിക്കും.
റോഡ്‌ നിര്‍മ്മാണവുമായി ബന്ധപ്പെട്ട്‌ സി.പി.എമ്മിന്‌ ലഭിച്ച പരാതിയാണു സസ്‌പെന്‍ഷനിടയാക്കിയത്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.