Home » » കോഴ ആരോപണത്തില്‍ കേരള രാഷ്‌ട്രീയം ഇളകിമറിയുന്നു.

കോഴ ആരോപണത്തില്‍ കേരള രാഷ്‌ട്രീയം ഇളകിമറിയുന്നു.

Written By Unknown on Saturday, 1 November 2014 | 18:15

തിരുവനന്തപുരം: ധനമന്ത്രി കെ.എം. മാണിക്കെതിരേ ഉയര്‍ന്ന കോടികളുടെ കോഴ ആരോപണത്തില്‍ കേരള രാഷ്‌ട്രീയം ഇളകിമറിയുന്നു. ബാര്‍ ലൈസന്‍സ്‌ പുതുക്കുന്നതിനു മന്ത്രി മാണി അഞ്ചുകോടി രൂപ കോഴ ആവശ്യപ്പെട്ടെന്നും ഒരു കോടി രൂപ വാങ്ങിയെന്നുമുള്ള കേരളാ ബാര്‍ ഹോട്ടല്‍സ്‌ അസോസിയേഷന്‍ വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ ബിജു രമേശിന്റെ വെളിപ്പെടുത്തലാണു യു.ഡി.എഫിലും സംസ്‌ഥാന സര്‍ക്കാരിലും ഗുരുതര പ്രതിസന്ധി സൃഷ്‌ടിച്ചിരിക്കുന്നത്‌. ആരോപണങ്ങള്‍ ശക്‌തമായി നിഷേധിച്ച മാണിയും കേരളാ കോണ്‍ഗ്രസും സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ചതോടെ യു.ഡി.എഫ്‌. രാഷ്‌ട്രീയത്തിലെ അന്തഃഛിദ്രങ്ങള്‍ പലതരത്തില്‍ വെളിയില്‍വരുന്നുണ്ട്‌. ആരോപണങ്ങള്‍ തള്ളി മാണിക്കു പരസ്യമായ പിന്തുണയുമായി മുഖ്യമന്ത്രിയും കോണ്‍ഗ്രസ്‌ പാര്‍ട്ടിയും രംഗത്ത്‌ എത്തി. എന്നാല്‍ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന ബിജു രമേശ്‌ ബാര്‍ ലൈസന്‍സിനുവേണ്ടി 15 കോടിയോളം രൂപ ഒഴുക്കിയെന്നും സംഭവത്തില്‍ നിയമനപടിയുമായി മുന്നോട്ടുപോകുമെന്നും നിലപാട്‌ എടുത്തതോടെ ബാര്‍വിഷയം സര്‍ക്കാരിന്റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യമാണു സൃഷ്‌ടിച്ചിരിക്കുന്നത്‌.
അടിസ്‌ഥാനരഹിതം, ദുരുദ്ദേശ്യപരം
ബാര്‍ വിഷയത്തില്‍ ചിലര്‍ എനിക്കെതിരേ ഉന്നയിച്ച ആരോപണം അടിസ്‌ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണ്‌. ഇതിനു പിന്നിലെ വന്‍ഗൂഢാലോചനയെക്കുറിച്ച്‌ അന്വേഷണം വേണം. ആരോപണം ഉന്നയിക്കുന്നവര്‍ അതു തെളിയിക്കണം. ഞങ്ങള്‍ ഇതിനെ ധീരമായി നേരിടും.
ഉമ്മന്‍ ചാണ്ടി അറിഞ്ഞുകൊണ്ട്‌ ഇങ്ങനെയൊരു ആരോപണം വരുമെന്നു വിശ്വസിക്കുന്നില്ല. പാലാക്കാര്‍ക്കും കേരളത്തിലെ ജനങ്ങള്‍ക്കും എന്നെയറിയാം. ആരോടെങ്കിലും രൂപ ചോദിക്കുകയോ വാങ്ങുകയോ ചെയ്‌ത പാരമ്പര്യം എനിക്കില്ല. മദ്യനിരോധനം പടിപടിയായി നടപ്പാക്കണമെന്നതാണു കേരളാ കോണ്‍ഗ്രസിന്റെ നിലപാട്‌. ഒരു ബാര്‍ പൂട്ടിയാല്‍ അത്രയും നല്ലതെന്നു ഞാന്‍ പരസ്യമായി പലതവണ പ്രഖ്യാപിച്ചിട്ടുണ്ട്‌. ബാര്‍ ലൈസന്‍സ്‌ പുതുക്കേണ്ടതില്ലെന്ന മന്ത്രിസഭാതീരുമാനത്തിനു പിന്നില്‍ ഞാനാണെന്ന ധാരണയില്‍ എന്നെ അപമാനിക്കാന്‍ ബോധപൂര്‍വം കെട്ടിച്ചമച്ച ആരോപണമാണിത്‌
അന്വേഷണം ആവശ്യമില്ല
മാണിക്കെതിരായ ആരോപണത്തിനു യാഥാര്‍ഥ്യവുമായി യാതൊരു ബന്ധവുമില്ല. എന്നെ ഇതിലേക്കു വലിച്ചിഴച്ചതുകൊണ്ട്‌ ഇക്കാര്യം ആധികാരികമായിത്തന്നെ പറയുന്നു. ബാര്‍ വിവാദവുമായി ബന്ധപ്പെട്ട്‌ എന്നെ ആരും കണ്ടിട്ടില്ല. ഞാന്‍ ആരെയും ഒറ്റയ്‌ക്കു കാണാറില്ല. ആള്‍ക്കൂട്ടത്തിനിടയിലാണു പലരെയും കാണാറുള്ളത്‌. എവിടെവച്ച്‌ ആരോടൊപ്പം എന്നെ കണ്ടെന്നും എന്തു പറഞ്ഞെന്നും ബിജു രമേശ്‌ വ്യക്‌തമാക്കണം. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന്റെ പേരില്‍ അന്വേഷണം ആവശ്യമില്ല. ആരോപണം കേട്ടപാടേ, മാണി പ്രതികരിക്കണമെന്നു പറഞ്ഞ ടി.എന്‍. പ്രതാപന്റെ നടപടി തികച്ചും തെറ്റാണ്‌. എന്തെങ്കിലും കേട്ടയുടന്‍ മാണി പ്രതികരിക്കണമെന്നു പറയാന്‍ പ്രതാപന്‍ ആര്‌?
വിജിലന്‍സ്‌ അന്വേഷിക്കണം
കോഴ ആരോപണം അതീവഗുരുതരമാണെന്നും ഈ വിഷയത്തില്‍ സി.ബി.ഐ.അന്വേഷണം വേണമെന്നും പ്രതിപക്ഷനേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‍. മാണിക്ക്‌ മന്ത്രിസഭയില്‍ തുടരാന്‍ ധാര്‍മിക അവകാശമില്ലെന്നും രാജിവയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഴിമതി നിരോധനനിയമപ്രകാരം കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അനേ്വഷണം നടത്തണമെന്ന്‌ ആവശ്യപ്പെട്ടു വിജിലന്‍സ്‌ ഡയറക്‌ടര്‍ക്കു വി.എസ്‌. കത്തു നല്‍കി.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.