കൊച്ചി: കലൂര്‍ രാജ്യാന്തര മൈതാനത്ത് ആര്‍ത്തിരമ്പിയ അമ്പതിനായിരത്തോളം കാണികളെ സാക്ഷിയാക്കി കേരള ബ്ലാസ്റ്റേഴ്‍സ് ഗോവ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് സ്വന്തം മണ്ണില്‍ കേരളത്തിന്റെ വിജയം. 64-ാം മിനിറ്റില്‍ ഗോവയില്‍ നിന്നുള്ള മിലാഗ്രെസ് ഗോണ്‍സാല്‍വസാണ് കേരളത്തിന്റെ വിജയഗോള്‍ നേടിയത്. ഹീറോ ഓഫ് ദ മാച്ചും അദ്ദേഹം തന്നെയാണ്.
ഗോള്‍ രഹിതമായ ആദ്യ പകുതിയില്‍ നിന്നും ഉണര്‍ന്നു കളിച്ച കേരളം രണ്ടാം പകുതിയില്‍ നിറഞ്ഞു കളിക്കുകയായിരുന്നു. പ്രമുഖ താരമായ ഹ്യും ഇല്ലാതെ ഇറങ്ങിയ കേരളത്തിന് ഫിനിഷിംഗിലെ പോരായ്‌മകള്‍ ഇത്തവണയും ഗോളുകളുടെ എണ്ണം കുറച്ചു. ടീം ഉടമ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ മുന്നിലായിരുന്നു കേരളത്തിന്റെ വിജയം. കലൂര്‍ സ്‌റ്റേഡിയത്തിലെ അന്‍പതിനായിരം കാണികളെയും സച്ചിന്‍ പവലിയനേയും സാക്ഷിയാക്കി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തന്റെ ആത്മകഥ 'പ്ലെയിംഗ് ഇറ്റ് മൈ വേ' കൊച്ചിയില്‍ പുറത്തിറക്കി. നിതാ അംബാനിക്ക് പ്രതി നല്‍കിയാണ് സച്ചിന്‍ പുസ്‌തകം പ്രകാശിപ്പിച്ചത്.








