തിരുവനന്തപുരം: ബാര്‍ കോഴ വിവാദത്തിലും ആര്‍.എസ്.പി, എസ്.ജെ.ഡി കക്ഷികളുടെ മടങ്ങിവരവിലും വി.എസിനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. ബാര്‍ കോഴ ആരോപണം സിബിഐ, ജുഡീഷ്യല്‍ അന്വേഷണങ്ങളോട് യോജിപ്പില്ലെന്നും കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ കെ.എം മാണി രാജിവയ്ക്കണം. അതിനു തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി അദ്ദേഹത്തെ പുറത്താക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയറ്റ് യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പിണറായി.
ബാര്‍ കോഴ ആരോപണത്തില്‍ പുറത്തുവന്നത് ചെറിയ തുക മാത്രമാണ്. 418 ബാറുകള്‍ പൂട്ടിയതു മുതല്‍ കോഴ തുടങ്ങിയിരുന്നു. കോഴപ്പണം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ ശ്രമം തുടരുകയായിരുന്നു. ബാറുടമകള്‍ നല്‍കിയത് അക്കൗണ്ട് പണമല്ല. ഒരു ലക്ഷമോ രണ്ടു ലക്ഷമോ അല്ല, പതിനഞ്ചും ഇരുപത്തിയഞ്ചും ലക്ഷങ്ങളാണ്. ഇപ്പോള്‍ പുറത്തുവന്ന ഒരു കോടിയുടെ കണക്ക് വളരെ ചെറിയ അംശം മാത്രമാണ്.
വിജിലന്‍സ് ക്വിക്ക് വെരിഫിക്കേഷന്‍ വന്ന സാഹചര്യത്തില്‍ ബന്ധപ്പെട്ട സ്ഥാനത്തിരിക്കുന്ന മന്ത്രി രാജിവയ്ക്കണം. അല്ലെങ്കില്‍ അദ്ദേഹത്തെ ഒഴിവാക്കണം. ഇപ്പോള്‍ ഉയര്‍ന്ന ആരോപണം ഒരു അംശം മാത്രമാണ്. മാണി മാത്രം രാജിവച്ചാല്‍ പോരാ. കോഴപ്പണം എത്രയാണ്, അതു വാങ്ങിയവര്‍ ആരെല്ലാമാണ് എന്നിവയും പരിശോധിക്കണം. അതിനാലാണ് സിപിഎം സമഗ്ര അന്വേഷണം ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും അറിയാതെ ഒരു ഇടപാടും നടക്കില്ല. അതിനാല്‍ അവരും അന്വേഷണം നേരിടണം. മന്ത്രിമാര്‍ അല്ലാത്തവരും ഇതില്‍പെട്ടിട്ടുണ്ട്. അങ്ങനെയുള്ളവരും അന്വേഷണ പരിധിയില്‍ വരണം.
കുറ്റവാളികളെ പുറത്തുകൊണ്ടുവരാന്‍ പറ്റുന്ന അന്വേഷണം വേണം. വിജലന്‍സ് അന്വേഷണം ഏറ്റവും അപഹാസ്യമായത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഒട്ടേറെ വിജിലന്‍സ് അന്വേഷണം നേരിട്ടവരാണ്. വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വിധേയമാണ്.
സിബിഐ അന്വേഷിക്കുന്നതിനോട് സിപിഎമ്മിന് യോജിപ്പില്ല. സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ട്. സിബിഐ ആണെങ്കിലും കേരളത്തിലെ വിജിലന്‍സ് ആണെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങുന്നവരാണ്. ജുഡീഷ്യല്‍ അന്വേഷണമാണ് പിന്നെ നിലവിലുള്ളത്. അതിനോടും പാര്‍ട്ടിക്ക് യോജിപ്പില്ല. ഈ സാഹചര്യത്തില്‍ മികച്ച ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണം. കോടതി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കണം .സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് കോടതിയിലായിരിക്കണമെന്നും പിണറായി വ്യക്തമാക്കി.
ആര്‍.എസ്.പിയായലും സോഷ്യലിസ്റ്റ് ജനതാഡെമോക്രാറ്റിക് ആയാലും യുഡിഎഫിനുള്ളിലെ ഏതൊരു പാര്‍ട്ടിയെ പോലെയാണ് കാണുന്നത്. യുഡിഎഫിന്റെ ജീര്‍ണ്ണത ബാധിച്ചവരാണ് ഇരുകക്ഷികളും. ഏതെങ്കിലും രീതിയിലുള്ള പാര്‍ലമെന്ററി ഉപജാപത്തിലൂടെ സര്‍ക്കാരിനെ അട്ടിമറിച്ച് മറ്റൊരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ സിപിഎമ്മിന് താല്‍പര്യമില്ല. അത്തരമൊരു മോഹവുമുള്ള പാര്‍ട്ടിയല്ല തങ്ങളുടെതെന്നും പിണറായി പറഞ്ഞു.
ദേശീയ തലത്തില്‍ ഇടതുകക്ഷികളുടെ ഏകോപനത്തില്‍ കേരളത്തിലെ ആര്‍.എസ്.പിയെ ഉള്‍പ്പെടുത്തിയിട്ടില്ല. ശരിയായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയെ മാത്രമാണ് ഉള്‍പ്പെടുത്തിയത്. വഞ്ചനാപരമായ നിലപാട് സ്വീകരിക്കുന്നവര്‍ക്ക് കയറിയിരിക്കാനുള്ള സ്ഥലമല്ലിതെന്നും പിണറായി പറഞ്ഞു. ആര്‍.എസ്.പിയും എസ്.ജെ.ഡിയും യുഡിഎഫ് വിട്ടുവരണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു.
ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രശ്‌നമുണ്ടെന്ന് ചിലര്‍ പറഞ്ഞുപരത്തുന്നു. ഇതുവരെ പാര്‍ട്ടി നിലപാട് സ്വീകരിക്കാത്തതിനാലാണ് ഒന്നും വ്യക്തമായി പറയാതിരുന്നത്. ചില ആളുകള്‍ വ്യക്തിപരമായി ചില കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ പാര്‍ട്ടി വ്യക്തമായ നിലപാട് സ്വീകരിച്ച സാഹചര്യത്തില്‍ കാര്യങ്ങള്‍ വ്യക്തമായെന്നൂം പിണറായി പറഞ്ഞു.








