Home » » സൈനിക സ്‌കൂള്‍ പാക്‌സേന നിയന്ത്രണത്തിലാക്കി ;തീവ്രവാദികള്‍ ആറു പേരെയും പാക്‌ സേന വധിച്ചു.

സൈനിക സ്‌കൂള്‍ പാക്‌സേന നിയന്ത്രണത്തിലാക്കി ;തീവ്രവാദികള്‍ ആറു പേരെയും പാക്‌ സേന വധിച്ചു.

Written By Unknown on Tuesday, 16 December 2014 | 09:41

ഇസ്ലാമാബാദ്‌: മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിന്‌ ശേഷം താലിബാന്‍ വന്‍ കൂട്ടക്കുരുതി നടത്തിയ സൈനിക സ്‌കൂള്‍ പാക്‌സേന നിയന്ത്രണത്തിലാക്കിയതായി ടെലിവിഷന്‍ റിപ്പോര്‍ട്ടുകള്‍. തീവ്രവാദികള്‍ ആറു പേരെയും പാക്‌ സേന വധിച്ചു. ഏഴുമണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ 130 കുട്ടികള്‍ മരണത്തിന്‌ കീഴടങ്ങിയതായും 124 പേര്‍ക്ക്‌ പരിക്കേറ്റെന്നുമാണ്‌ ഒടുവില്‍ ലഭിക്കുന്ന വിവരം. കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും കുട്ടികളാണ്‌.
ഇന്ന്‌ രാവിലെ പത്തു മണിയോടെ സൈനിക വേഷത്തിലെത്തിയ താലിബാന്‍ ചാവേറുകള്‍ സ്‌കൂളും കോളേജുമായി 1,500 പേര്‍ പഠിക്കുന്ന സ്‌കൂളിലെത്തി 500 ലധികം വരുന്ന കുട്ടികളെ ബന്ദികളാക്കുകയും നിരത്തിനിര്‍ത്തി വെടിവെച്ചു കൊല്ലുകയുമായിരുന്നു. പിന്നീട്‌ പാക്‌സേന നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ മറ്റു കുട്ടികളെ ഒഴിപ്പിക്കുകയായിരുന്നു. സൈന്യത്തിന്‌ നേരെ ആക്രമണം അഴിച്ചുവിട്ട താലിബാന്‍ കുട്ടികളെ മനുഷ്യകവചമായി ഉപയോഗിച്ചതിനാല്‍ സൈന്യത്തിന്‌ ഇവര്‍ക്കെതിരേ പ്രത്യാക്രമണം ഏറെ ദുഷ്‌ക്കരമായിരുന്നു.

സുരക്ഷാ ഉദ്യോഗസ്‌ഥരും അധ്യാപകരും കൊല്ലപ്പെട്ടിട്ടുണ്ടെന്ന്‌ സൈനികവൃത്തങ്ങള്‍ പറഞ്ഞു. പാക്‌ പ്രധാനമന്ത്രി നവാസ്‌ ഷെരീഫ്‌ പെഷവാറിലെത്തി. ദേശീയദുരന്തമായി പ്രഖ്യാപിച്ച ഖൈബര്‍ പ്രവിശ്യയില്‍ മൂന്ന്‌ ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്‌. ഘാതകരെ ആരേയും വെറുതേ വിടില്ലെന്നും ഭീകരതയ്‌ക്കെതിരേ പോരാട്ടം തുടരുമെന്നും ഷെരീഫ്‌ പറഞ്ഞിട്ടുണ്ട്‌.

സംഭവത്തിന്റെ പശ്‌ചാത്തലത്തില്‍ പെഷവാറിലെ ഗവര്‍ണര്‍ ഹൗസില്‍ നാളെ രാവിലെ 11.30 യ്‌ക്ക് എല്ലാപാര്‍ട്ടികളുടേയും യോഗം പ്രധാനമന്ത്രി വിളിച്ചിട്ടുണ്ട്‌. പ്രതിപക്ഷനേതാവ്‌ ഇമ്രാന്‍ഖാന്‍ സര്‍ക്കാരിനെതിരേ നടത്താനിരുന്ന ദേശീയപ്രക്ഷോഭം ഡിസംബര്‍ 18 ലേക്ക്‌ മാറ്റിവെച്ചിട്ടുണ്ട്‌. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത താലിബാന്‍ വസൂറിസ്‌ഥാനിലെ ആക്രമണത്തിനുള്ള മറുപടിയാണ്‌ ഇതെന്ന്‌ പറഞ്ഞു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.