മഞ്ചേരി: നിലമ്പൂര്‍ രാധാ വധക്കേസില്‍ പ്രതികളായ നിലമ്പൂര്‍ ബിജു ഭവനില്‍ ബി.കെ ബിജു, ഷംസുദ്ദീന്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി. ഇവര്‍ക്കുള്ള ശിക്ഷാവിധി 12ന് കോടതി പ്രഖ്യാപിക്കും. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഏറെ വിവാദം ഉയര്‍ത്തിയതായിരുന്നു രാധ വധം. മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ശശികുമാര്‍ ആണ് ശിക്ഷ വിധിക്കുക. കൊലപാതകം, മാനഭംഗം, തെളിവു നശിപ്പിക്കാല്‍, മൃതദേഹത്തിലെ ആഭരണങ്ങള്‍ മോഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ഇവ തെളിയിക്കുന്നതിന് പ്രോസിക്യൂഷന് കഴിഞ്ഞുവെന്ന് കോടതി വിലയിരുത്തി. എ.ഡി.ജി.പി ബി.സന്ധ്യയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിച്ചത്.
കേസില്‍ 108
സാക്ഷിമൊഴികളാണ് പരിഗണിച്ചത്. നാലു പേര്‍ മൊഴിമാറ്റി. ഒരാള്‍ മരണപ്പെട്ടു.
265 രേഖകളും 64 തെളിവുകളും ഹാജരാക്കിയതായി പ്രോസിക്യുഷന്‍ അറിയിച്ചു.
നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരിയായ ചിറയ്ക്കല്‍ രാധ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അഞ്ചിനാണ് ഓഫീസിനുള്ളില്‍ കൊല്ലപ്പെട്ടത്. ഫെബ്രുവരി 10ന് മൃതദേഹം കുളത്തില്‍ നിന്ന് കണ്ടെടുത്തു. ഒന്നാം പ്രതി ബിജുവിന്റെ അവിഹിത ബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയതിനായിരുന്നു രാധയെ കൊലപ്പെടുത്തിയത്. കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരനും മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ പഴ്‌സണല്‍ സ്റ്റാഫംഗവുമായിരുന്നു ബിജു.








