Home » » തൂണേരി അക്രമം: നഷ്ടപ്പെട്ട രേഖകള്‍ വിതരണം ചെയ്‌തു

തൂണേരി അക്രമം: നഷ്ടപ്പെട്ട രേഖകള്‍ വിതരണം ചെയ്‌തു

Written By Unknown on Sunday, 15 February 2015 | 07:51

കോഴിക്കോട്; വടകര യുവാവിന്റെ കൊലപാതകത്തെ തുടര്‍ന്ന്‌ തൂണേരിയിലും പരിസരങ്ങളിലുമുണ്ടായ അക്രമസംഭവങ്ങളില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക്‌ പകരം രേഖകള്‍ വിതരണം ചെയ്‌തു. വടകര താലൂക്ക്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ തൂണേരി പ്രത്യേക സമിതി നടത്തിയ അദാലത്തിലാണ്‌ 13 റേഷന്‍ കാര്‍ഡുകള്‍, 30 ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍, 11 ആധാരങ്ങള്‍, ഒന്‍പത്‌ വാഹനങ്ങളുടെ ആര്‍.സികള്‍, അഞ്ച്‌ ജനന സര്‍ട്ടിഫിക്കറ്റുകള്‍, എട്ട്‌ ഗ്യാസ്‌ കണക്ഷന്‍ പാസ്‌ബുക്കുകള്‍ എന്നിവ സൗജന്യമായി വിതരണം ചെയ്‌തത്‌. എസ്‌.എസ്‌.എല്‍.സി ബുക്ക്‌, പാസ്‌പോര്‍ട്ട്‌ എന്നിവ നഷ്ടപ്പെട്ടവര്‍ക്ക്‌ അത്‌ ലഭ്യമാക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ നടന്നുവരുന്നതായി സമിതി ചെയര്‍മാന്‍ പഞ്ചായത്ത്‌, സാമൂഹ്യനീതി വകുപ്പ്‌ മന്ത്രി ഡോ. എം.കെ മുനീര്‍ അറിയിച്ചു. വില്ലേജ്‌ തലത്തില്‍ നടത്തിയ അദാലത്തില്‍ രേഖകള്‍ നഷ്ടപ്പെട്ടതായി കാണിച്ച്‌ അപേക്ഷകള്‍ നല്‍കിയവര്‍ക്കാണ്‌ അവ വിതരണം ചെയ്‌തത്‌. ബാക്കിയുള്ളവര്‍ക്ക്‌ ഇനിയും അപേക്ഷ നല്‍കാവുന്നതാണ്‌. പാസ്‌പോര്‍ട്ട്‌ വെരിഫിക്കേഷന്‍ ഒറ്റദിവസം കൊണ്ട്‌ പൂര്‍ത്തിയാക്കി തുടര്‍നടപടിക്കയക്കാനാണ്‌ തീരുമാനം. രേഖകള്‍ക്കാവശ്യമായ ചെലവുകളെല്ലാം സര്‍ക്കാരാണ്‌ വഹിച്ചത്‌. 

നശിപ്പിക്കപ്പെട്ട വീടുകളുടെയും സാധനങ്ങളുടെയും കണക്കെടുത്ത്‌ നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്ന പ്രവൃത്തി വ്യാഴാഴ്‌ചയോടെ പൂര്‍ത്തിയാക്കും. മലിനമാക്കപ്പെട്ട കിണറുകളിലെ വെള്ളം ഉപയോഗ യോഗ്യമാക്കുന്നതിന്‌ ജലപരിശോധന ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങളും ഇതിനകം നടത്തും. വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ട വീടുകളില്‍ അവ പുനസ്ഥാപിക്കുന്ന പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ട്‌. പരിക്കേറ്റവര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ പുരോഗമിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു. 

പുസ്‌തകങ്ങളും മറ്റ്‌ പഠനസാമഗ്രികളും നഷ്ടമായവര്‍ക്ക്‌ സ്‌കൂളുകളുമായി ബന്ധപ്പെട്ട്‌ അവ ലഭ്യമാക്കിക്കഴിഞ്ഞു. സ്വര്‍ണമുള്‍പ്പടെ വീടുകളില്‍ നിന്ന്‌ അപഹരിക്കപ്പെട്ട തൊണ്ടിമുതല്‍ കണ്ടെത്തുന്നതിന്‌ അറുപതംഗ പോലിസ്‌ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌. ഇപ്പോള്‍ പിടിയിലായ വ്യക്തിയില്‍ നിന്ന്‌ കൂട്ടുപ്രതികളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്‌. കൊലപാതകത്തിലെ ബാക്കി പ്രതികളെക്കുറിച്ചുള്ള അന്വേഷണവും പുരോഗമിച്ചുവരികയാണ്‌. കുറ്റകൃത്യങ്ങള്‍ നിരപരാധികളുടെ തലയില്‍ കെട്ടിവയ്‌ക്കുന്ന രീതിക്കു പകരം അവയില്‍ ഏര്‍പ്പെട്ടിട്ടുള്ള യഥാര്‍ഥ പ്രതികളെ പിടികൂടാനാണ്‌ തീരുമാനം. 

പ്രദേശത്ത്‌ സമാധാനം പുനസ്ഥാപിക്കുന്നതിനും അകന്നുപോയ മനസ്സുകളെ കൂട്ടിയിണക്കുന്നതിനുമായി തൂണേരിയില്‍ വിശിഷ്ടവ്യക്തികളെ പങ്കെടുപ്പിച്ച്‌ സ്‌നേഹസംഗമം നടത്തും. പ്രദേശത്തിന്റെ മുറിവുണക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്‌ സര്‍ക്കാര്‍ ചെയ്‌തുവരുന്നതെന്നും മന്ത്രി പറഞ്ഞു. അതിനിടയില്‍ മുതലെടുപ്പ്‌ നടത്താനുള്ള തല്‍പരകക്ഷികളുടെ ശ്രമങ്ങള്‍ കൂട്ടായി ചെറുക്കണം. സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷം പ്രചരിപ്പിച്ചവര്‍ക്കെതിരേ പോലിസ്‌ നടപടികള്‍ സ്വീകരിച്ചുവരികയാണ്‌. സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യുന്ന സാമൂഹികവിരുദ്ധരെ കരുതിയിരിക്കണം. അത്തരക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഏതറ്റംവരെ പോവാനും സര്‍ക്കാര്‍ സന്നദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക സമിതി അംഗങ്ങളായ മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, എം.എല്‍.എമാരായ ഇ.കെ വിജയന്‍, കെ.കെ ലതിക, ജില്ലാ കലക്ടര്‍ സി.എ ലത, എ.ഡി.എം കെ രാധാകൃഷ്‌ണന്‍, റൂറല്‍ എസ്‌.പി അഷ്‌റഫ്‌ പി.എച്ച്‌, തൂണേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുജാത ടീച്ചര്‍, വിവിധ വകുപ്പ്‌ മേധാവികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രത്യേക സമിതിയുടെ രണ്ടാമത്തെ യോഗമായിരുന്നു ഇന്നലെ ചേര്‍ന്നത്‌.

Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.