Home » » ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്ന പാക്‌ ബോട്ട്‌ കത്തിച്ചതാണെന്ന്‌ കോസ്റ്റ്‌ ഗാര്‍ഡ്‌ ഡിഐജിയുടെ വെളിപ്പെടുത്തല്‍.

ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്ന പാക്‌ ബോട്ട്‌ കത്തിച്ചതാണെന്ന്‌ കോസ്റ്റ്‌ ഗാര്‍ഡ്‌ ഡിഐജിയുടെ വെളിപ്പെടുത്തല്‍.

Written By Unknown on Tuesday, 17 February 2015 | 23:46

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്ന പാക്‌ ബോട്ട്‌ കത്തിച്ചതാണെന്ന്‌ കോസ്റ്റ്‌ ഗാര്‍ഡ്‌ ഡിഐജിയുടെ വെളിപ്പെടുത്തല്‍ നിഷേധിച്ച്‌ തീരസംരക്ഷണ സേന രംഗത്ത്‌. ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്ന പാക്കിസ്ഥാന്‍ ബോട്ട്‌ കത്തിച്ചതാണെന്ന കോസ്റ്റ്‌ ഗാര്‍ഡ്‌ ഡിഐജി ബി.കെ ലൊഷാലിയുടെ വെളിപ്പെടുത്തല്‍ വിവാദമായതോടെയാണ്‌ സംഭവം നിഷേധിച്ച്‌ കോസ്റ്റ്‌ ഡാര്‍ഡ്‌ രംഗത്തുവന്നിരിക്കുന്നത്‌. ഭീകരര്‍ ബോട്ട്‌ കത്തിക്കുകയായിരുന്നുവെന്ന പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറുടെ വാദം ആവര്‍ത്തിക്കുകയാണ്‌ ഡിഐജിയെ തള്ളിയതിലൂടെ കോസ്റ്റ്‌ ഗാര്‍ഡ്‌ ചെയ്‌തിരിക്കുന്നത്‌. മുന്നറിയിപ്പ്‌ അവഗണിച്ച്‌ ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ബോട്ട്‌ കത്തിക്കാന്‍ ഉത്തരവിടുകയായിരുന്നെന്നാണ്‌ ലൊഷാലി ഒരു ഇംഗ്ലീഷ്‌ ദിന പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്‌.

കഴിഞ്ഞ പുതുവത്സരദിനത്തില്‍ സംശയകരമായ സാഹചര്യത്തില്‍ ഗുജറാത്ത്‌ തീരത്ത്‌ കണ്‌ടെത്തിയ പാക്‌ ബോട്ടാണ്‌ കത്തിനശിച്ചത്‌. ബോട്ടില്‍ തീവ്രവാദികളായിരുന്നെന്നാണ്‌ ഇന്ത്യന്‍ സേന വ്യക്തമാക്കമാക്കിയിരുന്നത്‌. തീരദേശസേന പിന്തുടര്‍ന്നതിനെത്തുടര്‍ന്ന്‌ ഒരു മണിക്കുറോളം രക്ഷപ്പെടാന്‍ ശ്രമിച്ച ബോട്ട്‌ സ്‌ഫോടനത്തെത്തുടര്‍ന്ന്‌ കടലില്‍ സ്വയം കത്തിയമരുകയായിരുന്നെന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. ബോട്ടിലുണ്‌ടായിരുന്നവര്‍ മരിച്ചതായി സംശയിക്കപ്പെടുന്നതായും കേന്ദ്ര സര്‍ക്കാര്‍ പ്രസ്‌താവന പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ ഇത്‌ തെറ്റാണെന്നും പാക്‌ ബോട്ട്‌ കത്തിച്ചതാണെന്നുമാണ്‌ തീരദേശ സേന ഡിഐജി ബി.കെ ലൊഷാലി പറയുന്നത്‌. ബോട്ട്‌ കത്തിക്കാനുള്ള നിര്‍ദേശം നല്‍കിയതു താനാണെന്നും അദ്ദേഹം വ്യക്തമാക്കി. ബോട്ടിലുള്ളവര്‍ക്ക്‌ ബിരിയാണി വിളമ്പാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ല. അതിനാല്‍ ബോട്ട്‌ കത്തിക്കുക എന്നതായിരുന്നു തീരദേശസേനയ്‌ക്കു നല്‍കിയ നിര്‍ദേശമെന്ന്‌ അദ്ദേഹം പറഞ്ഞു. ബോട്ടില്‍ നാലുപേര്‍ ഉണ്‌ടായിരുന്നതായി തീരദേശ സേന കണെ്‌ടത്തിയിരുന്നു.

എന്നാല്‍ ബോട്ടില്‍ സ്‌ഫോടക വസ്‌തുക്കള്‍ ഉണ്‌ടായിരുന്നതായി കാണുന്നില്ലെന്നാണു ബോട്ട്‌ കത്തിനശിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളില്‍ മനസിലാകുന്നതെന്നു നാവിക വൃത്തങ്ങളും രഹസ്യാന്വേഷണ വിഭാഗവും വ്യക്തമാക്കിയിരുന്നു. ഇതോടെ പാക്‌ ബോട്ട്‌ കത്തിയമര്‍ന്നത്‌ അന്നുതന്നെ വിവാദമായിരുന്നു. ഇതൊരു വ്യാജ ഏറ്റുമുട്ടാലാണെന്നു സംശയിക്കുന്നതായി വാര്‍ത്തയുണ്‌ടായിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.