തൃശൂര്‍: ശോഭാ സിറ്റി സെക്യുരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ ദാരുണ മരണത്തില്‍ പോലീസ് കൂടുതല്‍ പേരില്‍ നിന്ന് മൊഴിയെടുക്കുന്നു. ചന്ദ്രബോസിനെ ചികിത്സിച്ച ഡോക്ടര്‍മാരില്‍ നിന്നാണ് മൊഴിയെടുക്കുക. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് ബോധവാനായിരുന്ന ചന്ദ്രബോസ് ഡോക്ടര്‍മാരോടു സംസാരിച്ചിരുന്നു. പിന്നീടാണ് അബോധാവസ്ഥയിലേക്കു പോയതും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചതും. ചന്ദ്രബോസിന്റെ മൊഴി രേഖപ്പെടുത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഡോക്ടര്‍മാരുടെ മൊഴി കേസില്‍ നിര്‍ണായകമാണ്.
ചന്ദ്രബോസിന് ബോധമുണ്ടായിരിക്കേ മൊഴി രേഖപ്പെടുത്താന്‍ എത്തുന്നതിന് പോലീസിനെ അറിയിക്കാത്ത ആശുപത്രി അധികൃതരുടെ നടപടി വിവാദമായിരുന്നു. ചന്ദ്രബോസിനെ ചികിത്സിച്ച ഡോക്ടര്‍മാരില്‍ ഒരാള്‍ നിസ്സാം താമസിച്ചിരുന്ന ശോഭാ സിറ്റി അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനാണെന്നും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്.
അതേസമയം, നിസ്സാമിന്റെ ഭാര്യ അമലിനെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജനുവരി 29ന് പുലര്‍ച്ചെ നിസ്സാം ചന്ദ്രബോസിനെ ആക്രമിക്കുന്നതിന് ദൃക്‌സാക്ഷിയായിരുന്ന അമല്‍ രണ്ടു ദിവസത്തിനു ശേഷം ഒളിവില്‍ പോയതായി പോലീസിനു വിവരം ലഭിച്ചു. ഇവരുടെ വീടുകളിലോ ബന്ധുവീടുകളിലോ അമല്‍ എത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ചന്ദ്രബോസിനെ മര്‍ദ്ദിക്കുന്നതിനിടെ ഭാര്യയെ വിളിച്ച നിസ്സാം തോക്കുമായി താഴേക്കു വരാന്‍ നിര്‍ദേശിച്ചതായി പോലീസിനു വിവരം ലഭിച്ചിരുന്നു. എന്നാല്‍ നിസ്സാമിന്റെ ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയില്‍ തോക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. തോക്കുമായി അമല്‍ കടന്നതായാണ് സൂചന.
അതിനിടെ, ചന്ദ്രബോസിന്റെ മൊഴി രേഖപ്പെടുത്താതിരുന്ന പേരാമംഗലം സി.ഐയ്‌ക്കെതിരെ ഉപലോകായുക്ത ജഡ്ജി കെ.പി ബാലചന്ദ്രന്‍സ്വമേധയാ കേസെടുത്തു. മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയതിനാണ് നടപടി.








