Home » » ജീവൻരക്ഷാ മരുന്നുകളുടെ മറവിൽ പകൽക്കൊള്ള .

ജീവൻരക്ഷാ മരുന്നുകളുടെ മറവിൽ പകൽക്കൊള്ള .

Written By Unknown on Monday, 9 February 2015 | 19:29

തിരുവനന്തപുരം; ഹൃദ്രോഗം, വൃക്ക -കരൾ രോഗങ്ങൾ, കാൻസർ എന്നിവയ്ക്കുള്ള വിലകൂടിയ ഹൈടെക്  മരുന്നുകൾ പൊതുവിപണിയിൽ കൃത്രിമക്ഷാമം സൃഷ്ടിച്ച് കരിഞ്ചന്തയിൽ തീവിലയ്ക്ക് വിറ്റഴിക്കുന്നു. പാമ്പിൻവിഷം, പേപ്പട്ടിവിഷം  എന്നിവയ്ക്കുള്ള വാക്സിനുകളും പൊതുവിപണിയിൽ നിന്ന് അപ്രത്യക്ഷമായി.

സർക്കാരിന്റെ മരുന്നു വില്പനശാലകൾ ഫണ്ടനുവദിക്കാതെ പ്രതിസന്ധിയിലാവുകയും മരുന്നു വിലനിയന്ത്രണ സംവിധാനങ്ങൾ പാളുകയും ചെയ്തതോടെയാണ് ജീവൻരക്ഷാ മരുന്നുകളുടെ മറവിൽ പകൽക്കൊള്ള വ്യാപകമായത്.

'ഹൈടെക് " മരുന്നുകളുടെ വില്പന നിയന്ത്രിക്കാൻ സംവിധാനങ്ങൾ ഇല്ലെന്നതാണ് വിചിത്രമായ വസ്തുത. 40 ജീവൻരക്ഷാ മരുന്നുകൾ ഈ പട്ടികയിലുണ്ട്. കോടികൾ വാർഷിക വിറ്റുവരവുള്ള മരുന്നുകളാണിവ. ഇത്തരം മരുന്നുകൾ കാലാവധി കഴി‌ഞ്ഞാൽ കമ്പനി തിരിച്ചെടുക്കില്ല. അതുകൊണ്ട് സാധാരണ മെഡിക്കൽസ്റ്റോറുകൾ അവ സ്റ്റോക്ക് ചെയ്യാറില്ല. ഡോക്ടർമാർ വഴി കമ്പനി ഏജന്റുമാരാണ് വില്പന നടത്തുന്നത്. അതുമൂലം വിലയിൽ യാതൊരു നിയന്ത്രണവും ഇവയ്ക്ക് ബാധകമല്ല. ആശുപത്രി ഫാർമസികളിൽ മുമ്പ് കിട്ടിയിരുന്നെങ്കിലും ഇപ്പോൾ സ്റ്റോക്കില്ലെന്ന മറുപടിയാണ്.

1000 രൂപയ്ക്ക് കമ്പനി വിൽക്കുന്ന മരുന്നിൽ 4000 രൂപയായിരിക്കും എം.ആർ.പി.  3000 രൂപ 'ട്രേഡ് മണി" യാണ്. വിതരണക്കാരും ഇടനിലക്കാരും കൂടി ഈ തുക വീതിച്ചെടുക്കും. ഫാർമസിയിൽ മരുന്ന് എടുത്തുകൊടുക്കുന്നവർക്കു വരെ ഇതിന്റെ വിഹിതം എത്തും. വിലനിയന്ത്രണ സംവിധാനങ്ങളെ മറികടക്കാനുള്ള വിപണന തന്ത്രം കൂടിയാണിത്. വില നിയന്ത്രണം ഏർപ്പെടുത്തുമ്പോൾ കമ്പനി ഉത്പാദനം നിറുത്തിവച്ചതായി പ്രചാരണം ഉണ്ടാവും. എന്നാൽ വിതരണക്കാരുടെ കൈവശം സ്റ്റോക്ക് യഥേഷ്ടം കാണും.  അതിന്  'പഴയ" വില തന്നെ കൊടുക്കണമെന്നുമാത്രം.
വിലകുറഞ്ഞ മരുന്നുകളുടെ ഉത്പാദനം നിറുത്തിവച്ച് വിലനിയന്ത്രണ സംവിധാനം അട്ടിമറിക്കുന്ന കമ്പനികളും കുറവല്ല.  അളവിൽ മാറ്റം വരുത്തിയും ഉപഭോക്താക്കളെ വലയ്ക്കുന്നുണ്ട്.


Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.