മഞ്ചേരി: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫീസിലെ ജീവനക്കാരി ചിറയ്ക്കല്‍ രാധ വധക്കേസില്‍ രണ്ടു പ്രതികള്‍ക്കും കഠിന ജീവപര്യന്തം തടവുശിക്ഷ. മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ മുന്‍ പഴ്‌സണല്‍ സ്റ്റാഫംഗവും കോണ്‍ഗ്രസ് ഓഫീസ് ജീവനക്കാരനുമായിരുന്ന ഒന്നാം പ്രതി ബി.ജെ ബിജു, രണ്ടാം പ്രതി സുഹൃത്ത് ചുള്ളിയോട് ഉണ്ണിക്കുളം കുന്നശേരി ഷംസുദ്ദീന്‍ എന്നിവരെയാണ് ശിക്ഷിച്ചത്. ബിജുവിന് 86,000 രൂപയും ഷംസുദ്ദീന് 41,000 രൂപ പിഴയും ശിക്ഷിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ അധിക തടവ് അനുഭവിക്കേണ്ടി വരും.
കൊലപാതക കുറ്റത്തിനാണ് ജീവപരന്ത്യം ശിക്ഷ. മറ്റു കുറ്റങ്ങള്‍ക്കു പത്തു വര്‍ഷം മുതല്‍ മൂന്നു മാസം വരെ തടവുശിക്ഷ വിധിച്ചിട്ടുണ്ട്. എന്നാല്‍ ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.
പ്രതികള്‍ കുറ്റക്കാരാണെന്ന് മഞ്ചേരി ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എസ് ശശികുമാര്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ബലാത്സംഗം, കൊലപാതകം, തെളിവുനശിപ്പിക്കല്‍, മൃതദേഹത്തില്‍നിന്ന് ആഭരണ കവര്‍ച്ച, അന്യായമായി തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞത്.
2014 ഫെബ്രുവരി അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഞ്ചിന് രാവിലെ ജോലിക്കു പോയ രാധയെ കാണാതാവുകയായിരുന്നു. പിന്നീട് നിലമ്പൂരില്‍നിന്ന് 20 കി.മീ അകലെ ഉണ്ണികുളത്തെ കുളത്തില്‍ നിന്ന് 10നാണ് ചാക്കില്‍കെട്ടിയ നിലയില്‍ രാധയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതികളെ അന്നു തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തന്റെ പരസ്ത്രീ ബന്ധം അറിയാവുന്ന രാധ അതു പുറത്തു പറഞ്ഞാല്‍ സമൂഹത്തില്‍ തനിക്ക് മാനക്കേടുണ്ടാക്കുമെന്നും ഗസറ്റഡ് പദവിയിലുള്ള ജോലി നഷ്ടമാകുമെന്നും ഭയന്നാണ് ബിജു രാധയെ കൊലപ്പെടുത്തിയതെന്നാണ് കേസ്.
മലപ്പുറത്തെ കോണ്‍ഗ്രസ് നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തിയതായിരുന്നു രാധ വധക്കേസ്. കൊലപാതവുമായി ബന്ധപ്പെട്ട് പല പ്രമുഖരും ആരോപണത്തിന് വിധേയരായി. കേസില്‍ 108 സാക്ഷി മൊഴി കോടതി പരിഗണിച്ചു. നിരവധി തെളിവുകളും രേഖകളും പരിശോധിച്ച ശേഷമാണ് കോടതിയുടെ വിധി.
സമൂഹത്തിലെ ഉന്നത പദവി വഹിക്കുന്നവരായിരുന്നുവെന്നും വിദ്യാഭ്യാസ സാമൂഹ്യ പശ്ചാത്തലം പരിഗണിച്ച് വധശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യുഷന്‍ വാദിച്ചു. എന്നാല്‍ വിവിധ വകുപ്പുകള്‍ ഉള്ളതിനാല്‍ പരമാവധി ശിക്ഷ ഒഴിവാക്കുന്നതിന് പ്രതികള്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഗൂഢാലോചന പോലെയുള്ള കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യുഷന്‍ പരാജയപ്പെട്ടു. പ്രതികളെ തുടക്കംമുതല്‍ കുറ്റക്കാരായി കാണാനായിരുന്നു പോലീസിന്റെ വ്യഗ്രതയെന്നും അതിനാല്‍ പരമാവധി കുറഞ്ഞ ശിക്ഷ നല്‍കണമെന്നും പ്രതിഭാഗം വാദിച്ചു.
വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അറിയിച്ചു. എന്നാല്‍ പ്രതികള്‍ക്ക് നല്‍കിയ ശിക്ഷ കുറഞ്ഞുപോയെന്നും വധശിക്ഷ നല്‍കണമായിരുന്നുവെന്നും കൊല്ലപ്പെട്ട രാധയുടെ സഹോദരന്‍ പറഞ്ഞു.








