Home » » കായികകേരളത്തിന്‌ അഭിമാനതിലകം ചാര്‍ത്തി ദേശീയ ഗെയിംസിനു കൊടിയിറങ്ങി.

കായികകേരളത്തിന്‌ അഭിമാനതിലകം ചാര്‍ത്തി ദേശീയ ഗെയിംസിനു കൊടിയിറങ്ങി.

Written By Unknown on Saturday, 14 February 2015 | 18:08

തിരുവനന്തപുരം: കായികകേരളത്തിന്‌ അഭിമാനതിലകം ചാര്‍ത്തി ദേശീയ ഗെയിംസിനു കൊടിയിറങ്ങി. ദേശീയ ഗെയിംസിന്റെ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ മെഡല്‍ നേട്ടം സ്വന്തമാക്കിയാണു കേരളം 35-ാമത്‌ ദേശീയ ഗെയിംസിനു വിട നല്‍കിയത്‌. കായികതാരങ്ങള്‍ക്കു സംതൃപ്‌തമായൊരു ഗെയിംസ്‌ ഒരുക്കി നല്‍കാന്‍ കഴിഞ്ഞെന്ന അഭിമാനത്തോടെയാണ്‌ ഇന്നലെ സര്‍ക്കാരും സംഘാടക സമിതിയും സമാപനവേദിയില്‍ നിറഞ്ഞത്‌. മലയാണ്മയുടെ അഭിമാനം കാത്ത പുത്തന്‍ താരോദയങ്ങള്‍ സമാപനവേദിയില്‍ തലയെടുപ്പോടെ നിന്നു. ദേശീയ ഗെയിംസിന്റെ 36-ാം പതിപ്പിനു ഗോവയില്‍ വീണ്‌ടുമൊത്തുകൂടാമെന്ന പ്രഖ്യാപനത്തോടെ കാര്യവട്ടം സ്റ്റേഡിയത്തോടു കായികഇന്ത്യയുടെ യുവത്വം ഇന്നലെ സായംസന്ധ്യയില്‍ വിടചൊല്ലി.

ഗെയിംസിന്റെ തുടക്കത്തിലുണ്‌ടായിരുന്ന പരാതികളും പരിഭവങ്ങളുമെല്ലാം മാറി ഉത്സവാന്തരീക്ഷത്തോടെയാണു മീറ്റിനു കൊടിയിറങ്ങിയത്‌. കായികതാരങ്ങളുടെ മാര്‍ച്ച്‌ പാസ്റ്റോടെ ഇന്നലെ പരിപാടികള്‍ക്കു തുടക്കമായി. കായികതാരങ്ങളും ഒഫീഷ്യല്‍സും വോളണ്‌ടിയേഴ്‌സും ഒരുമിച്ചാണു മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുത്തത്‌. കേന്ദ്ര കായികമന്ത്രി സര്‍ബാനന്ദ സോനേവാള്‍ സമാപന സമ്മേളനം ഉദ്‌ഘാടനംചെയ്‌തു. ഗവര്‍ണര്‍ പി. സദാശിവം മുഖ്യാതിഥിയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി ആമുഖപ്രസംഗം നടത്തി. അത്‌ലറ്റിക്‌സില്‍ ഓവറോള്‍ ചാമ്പ്യന്‍പട്ടം നേടിയ കേരളത്തിനു ഗവര്‍ണര്‍ പി. സദാശിവം ട്രോഫി സമ്മാനിച്ചു. 13 സ്വര്‍ണവും 13 വെള്ളിയും എട്ടു വെങ്കലവും നേടിയാണ്‌ കേരളം അത്‌ലറ്റിക്‌സില്‍ ചാമ്പ്യന്മാരായത്‌.

ഓവറോള്‍ ചാമ്പ്യന്‍മാരായ സര്‍വീസസിന്‌ ഐഒഎ പ്രസിഡന്റ്‌ എന്‍. രാമചന്ദ്രന്‍ പുരസ്‌കാരം നല്‌കി. 91 സ്വര്‍ണവും 33 വെള്ളിയും 35 വെങ്കലവും ഉള്‍പ്പെടെ 159 മെഡലുകള്‍ സ്വന്തമാക്കിയാണു സര്‍വീസസ്‌ ഓവറോള്‍ കിരീടം സ്വന്തമാക്കിയത്‌. തൊട്ടുപിന്നില്‍ 162 മെഡലുകളുമായി കേരളം രണ്‌ടാം സ്ഥാനത്തെത്തി. 54 സ്വര്‍ണവും 48 വെള്ളിയും 60 വെങ്കലവുമായിരുന്നു കേരളത്തിന്റെ സമ്പാദ്യം.

മികച്ച പുരുഷതാരത്തിനുള്ള ട്രോഫി കേരളത്തിന്റെ നീന്തല്‍ താരം സാജന്‍ പ്രകാശിനു ഗവര്‍ണര്‍ സമ്മാനിച്ചു. മികച്ച വനിതാതാരമായി തെരഞ്ഞെടുക്കപ്പെട്ട മഹാരാഷ്‌ട്രയുടെ നീന്തല്‍ താരം ആകാന്‍ഷാ വോറെയ്‌ക്കുവേണ്‌ടി ടീം മാനേജരും പുരസ്‌കാരം ഏറ്റുവാങ്ങി. ഗവര്‍ണര്‍ പി. സദാശിവത്തിന്റെ പ്രഖ്യാപനത്തോടെയാണു കായികമാമാങ്കത്തിനു കൊടിയിറങ്ങിയത്‌. അടുത്ത ദേശീയ ഗെയിംസ്‌ നടക്കുന്ന ഗോവയുടെ പ്രതിനിധികള്‍ക്ക്‌ ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷന്‍ പ്രസിഡന്റ്‌ എന്‍. രാമചന്ദ്രന്‍ ഒളിമ്പിക്‌ അസോസിയേഷന്റെ പതാകയും കൈമാറി. ജനുവരി 31നു കൊടിയേറിയ ദേശീയ ഗെയിംസ്‌ ഏഴു ജില്ലകളിലെ 29 വേദികളിലായാണു നടന്നത്‌. ആറായിരത്തോളം കായികതാരങ്ങളാണു മത്സരങ്ങളില്‍ പങ്കുചേര്‍ന്നത്‌. സമാപനസമ്മേളനത്തിനുശേഷം ആകാശത്തു വര്‍ണവിസ്‌മയം തീര്‍ത്ത കരിമരുന്നു കലാപ്രകടനം. നടി ശോഭനയുടെയും സംഘത്തിന്റെയും നൃത്തസന്ധ്യ സമാപനച്ചടങ്ങിനെ ആവേശഭരിതമാക്കി. അടുത്ത വേദിയായ ഗോവയില്‍നിന്നുള്ള കലാകാരന്‍മാരുടെ കലാവിരുന്നുമുണ്‌ടായിരുന്നു.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.