ആലപ്പുഴ: സംസ്‌ഥാനത്തു രാഷ്‌ട്രീയ ബദലും ബദല്‍ വികസന മാര്‍ഗവും മുന്നോട്ടുവയ്‌ക്കണമെന്നും യു.ഡി.എഫ്. സര്‍ക്കാര്‍ അഴിമതിയുടെയും കുംഭകോണങ്ങളുടേയും പര്യായമായി മാറിയിക്കുകയാണെന്നും സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. പാര്‍ട്ടി സംസ്‌ഥാന സമ്മേളനത്തോടനുബന്ധിച്ചു ചേര്‍ന്ന പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ്. സര്‍ക്കാര്‍ ജാതി മത സംഘടനകളുടെ സമ്മര്‍ദത്തിന്റെ ഭാഗമായാണു പ്രവര്‍ത്തിക്കുന്നത്. മോഡി സര്‍ക്കാര്‍ വര്‍ഗീയ അജന്‍ഡയാണു മുന്നോട്ടുവയ്‌ക്കുന്നത്. മോഡി സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ആര്‍.എസ്.എസ് ആണ്. വലതുപക്ഷ സ്വഭാവമുള്ള ഓര്‍ഡിനന്‍സുകള്‍ കേന്ദ്രം കൊണ്ടു വരുന്നു. ഇന്‍ഷുറന്‍സ് മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം നടപ്പാക്കി. കല്‍ക്കരി മേഖല സ്വകാര്യവത്‌കരിക്കുന്നു. ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ സാധാരണക്കാര്‍ക്കെതിരായ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നു. ഇതെല്ലാം വന്‍കിട കോര്‍പറേറ്റ് മുതലാളിമാരെ സഹായിക്കാനാണെന്നും പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി.
വിദേശബാങ്കുകളിലുള്ള ഇന്ത്യക്കാരുടെ കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്നാണു ബി.ജെ.പിയുടെ പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ അതിനായി പുതിയ ഓര്‍ഡിനന്‍സ് കൊണ്ടുവരാത്തതു കള്ളപ്പണക്കാരെ സഹായിക്കാനാണ്.
ആര്‍.എസ്.എസ്. തങ്ങളുടെ ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ മോഡി സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നു. ഘര്‍ വാപസി എന്ന പേരില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വയ്‌ക്കുകയാണ് ആര്‍.എസ്.എസ്. ഹിന്ദുത്വ അജന്‍ഡ ഉപയോഗിച്ച് കലാകാരന്മാര്‍, സാമൂഹികപ്രവര്‍ത്തകര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ എന്നിവരെ നിയന്ത്രിക്കുന്നു. ഇത്തരത്തില്‍ വലതുപക്ഷ ശക്‌തികള്‍ ഉയര്‍ത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കണം. നവ ഉദാരവത്‌കരണ നയങ്ങള്‍ക്കെതിരേ തൊഴിലാളികള്‍ പ്രക്ഷോഭരംഗത്താണ്. തൊഴിലാളികളുടെ യോജിച്ച പ്രക്ഷോഭത്തെ ഭിന്നിപ്പിക്കുന്നതിനു വര്‍ഗീയ ശക്‌തികള്‍ ശ്രമിക്കുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
പശ്‌ചിമ ബംഗാളില്‍ സി.പി.എം. കടുത്ത ആക്രമണങ്ങളെയാണു നേരിടുന്നത്. അവിടെ പാര്‍ട്ടിയുടെ നഷ്‌ടപ്പെട്ട ജനകീയ അടിത്തറ വീണ്ടെടുക്കാനാകുമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
രാജ്യത്തു വിശാലമായ ഇടതുപക്ഷ ഐക്യം ശക്‌തിപ്പെടുത്തുന്നതിനാവശ്യമായ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പല സംസ്‌ഥാനങ്ങളിലും ഇടതുപക്ഷ പാര്‍ട്ടികളുടെ യോജിച്ച മുന്നേറ്റം നടക്കുന്നു. അതു ശക്‌തിപ്പെടുത്തി കൊണ്ടുവരണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.








