ന്യൂഡല്‍ഹി: ഭരണഘടനാവിരുദ്ധവും അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ണായക നടപടി. ഇതോടൊപ്പം തന്നെ കേരള പോലീസ് നിയമത്തിലെ 118 ഡി വകുപ്പും റദ്ദാക്കി. 66 എയും 118 ഡിയും തുല്യമാണെന്നും കോടതി നിരീക്ഷിച്ചു. സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയാല്‍ അറസ്റ്റു ചെയ്യാന്‍ അനുമതി നല്‍കുന്നതായിരുന്നു ഐ.ടി 66 എ വകുപ്പ്. ഇത് വ്യാപകമായി ദുരുപയോഗിക്കപ്പെടുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റീസുമാരായ ജെ.ചെലമേശ്വര്‍, റോഹിന്‍ടണ്‍ ഫാലി നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാനമായ ഈ ഉത്തരവ്. നൂറിലധികം പേജുള്ളതാണ് ചരിത്രപരമായ ഈ വിധി.
സമൂഹത്തില്‍ ഭിന്നതയുണ്ടാക്കുന്നത് ഒഴിവാക്കാനും വ്യക്തികള്‍ തമ്മിലുള്ള സ്പര്‍ദ്ധ ഒഴിവാക്കുന്നതിനുമാണ് ഇത്തരമൊരു നിയമമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ദുരുപയോഗം ചെയ്യുന്ന വകുപ്പ് റദ്ദാക്കുകയല്ല, ദുരുപയോഗം തടയുകയാണ് വേണ്ടതെന്നും സര്‍ക്കാര്‍ വാദിച്ചു. സര്‍ക്കാരുകള്‍ വരും പോകും. എന്നാല്‍ 66 എ വകുപ്പ് തുടരും. ഇത് ഫലപ്രദമായി നടപ്പാക്കുമെന്ന വാദത്തില്‍ തൃപ്തിയില്ല. വകുപ്പിന്റെ ദുരുപയോഗം തടയാന്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്നും കോടതി പറഞ്ഞു. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ നേരിട്ടു ബാധിക്കുന്ന വകുപ്പാണ് എന്നതില്‍ സംശയമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
![]() |
| ഷഹീന്‍ ദാഹ, റീനു ശ്രീനിവാസന്‍ |
സര്‍ക്കാരുകളെ വിമര്‍ശിക്കുന്നവരെ നേരിടാനുള്ള വടിയായി 66 എ വകുപ്പിനെ വ്യാപകമായി ദുരുപയോഗിച്ചതോടെയാണ് നിയമത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ പരാതിയെത്തിയത്. ശിവസേന അധ്യക്ഷനായിരുന്ന ബാല്‍ താക്കറെയുടെ വിയോഗത്തില്‍ മഹാരാഷ്ട്രയില്‍ ബന്ദ് ആചരിച്ചതിനെ ചോദ്യം ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ട് ഷഹീന്‍ ദാഹ, റീനു ശ്രീനിവാസന്‍ എന്നീ രണ്ടു പെണ്‍കുട്ടികളെ സര്‍ക്കാര്‍ അറസ്റ്റു ചെയ്ത് പതിനാലു ദിവസം ജയിലിലടച്ചതോടെയാണ് നിയമത്തിന്റെ ദുരുപയോഗം ചൂണ്ടിക്കാട്ടി സുപ്രീം കോടതിയില്‍ ഹര്‍ജി എത്തിയത്. ഒരു നിയമവിദ്യാര്‍ത്ഥിനി മശ്രയ സിംഗാള്‍ ആണ് കോടതിയെ സമീപിച്ചത്. പ്രമുഖ എന്‍ജിഒ ആയ കോമണ്‍ കോസ്, പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടി, ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്‌റീന്‍ എന്നിവരും കേസില്‍ കക്ഷി ചേര്‍ന്നിരുന്നു.രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കുന്നവരെ നേരിടാനുള്ള മാര്‍ഗമായാണ് ഭരണകൂടങ്ങള്‍ ഈ നിയമത്തെ ദുരൂപയോഗിച്ചിരുന്നത്.









