എടക്കര: പോത്തുകല്‍ സ്റ്റേഷന്‍ പരിധിയിലെ
വിവിധ കേസുകളില്‍ അനേ്വഷണം നടക്കുന്നില്ലെന്ന് ആക്ഷേപം. ആഢ്യന്‍പാറയില്‍
മൂന്ന് ആദിവാസി പെണ്‍കുട്ടികള്‍ പീഢിപ്പിക്കപ്പെട്ട സംഭവമടക്കം നിരവധി
കേസുകളാണ് യാതൊരു അനേ്വഷണവും നടക്കാതെ കിടക്കുന്നത്. നാരോക്കാവ്
സ്വദേശിനിയായ സൗമ്യ(22) എരുമമുണ്ടയിലെ ഭര്‍തൃഗൃഹത്തില്‍ ദുരൂഹ
സാഹചര്യത്തില്‍ മരിച്ചതും, പോത്തുകല്‍ അമ്പിട്ടാംപൊട്ടി സ്വദേശിയായ
എന്‍ജിനീയറിംഗ് വിദ്യാര്‍ഥി വീടിനുള്ളില്‍ തൂങ്ങി മരിച്ചതും, വിവിധ
മോഷണങ്ങളും, തോക്കുകേസുകളുമടക്കം നിരവധി കേസുകളിലാണ് അനേ്വഷണം
നടക്കാത്തത്. ഈ കേസുകളിലെല്ലാം മേഖലയിലെ പ്രമുഖ രാഷ്‌ട്രീയ നേതാവിന്റെ
സമ്മര്‍ദ്ദമാണ് അനേ്വഷണത്തിന് തടസ്സമായി നില്‍ക്കുന്നതെന്ന്
ആരോപണമുയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ആറാം തീയ്യതിയാണ് ആഢ്യന്‍പാറ വേങ്ങാട്
കോളനിയിലെ മൂന്ന് ആദിവാസി പെണ്‍കുട്ടികള്‍ പീഢനത്തിനിരയായ വിവരം
പുറംലോകമറിയുന്നത്. പതിനേഴ് വയസ് പ്രായമുള്ള രണ്ട് പെണ്‍കുട്ടികളും ഒരു
പതിനാലുകാരിയുമാണ് പീഢനത്തിനിരയായത്. ആറ് മാസം മുന്‍പ് മുതല്‍
പെണ്‍കുട്ടികള്‍ പീഢിനത്തിനിരകളായതായാണ് വിവരം. ഇതില്‍ ഒരു പെണ്‍കുട്ടി
ആറ് മാസം ഗര്‍ഭിണിയുമാണ്. വേങ്ങാട് കോളനിയിലെത്തിയ നിലമ്പൂര്‍
സ്റ്റേഷനിലെ വനിതാ എസ്.ഐ പ്രായപൂര്‍ത്തിയാകാത്ത ഗര്‍ഭിണിയായ പെണ്‍കുട്ടിയെ
കണ്ടതിനെത്തുടര്‍ന്ന് നടത്തിയ അനേ്വഷണത്തിലാണ് പീഢനവിവരങ്ങള്‍
പുറത്താകുന്നത്. ആഢ്യന്‍പാറ ജലവൈദ്യുത പദ്ധതിയുടെ ടണല്‍ നിര്‍മ്മാണ
പ്രവര്‍ത്തിക്കെത്തിയ നാല് ബംഗാള്‍ തൊഴിലാളികളും, ഒരു മലയാളിയും
ചേര്‍ന്നാണ് പെണ്‍കട്ടികളെ പീഢിപ്പിച്ചത്. വിവാഹം കഴിക്കാമെന്ന്
തെറ്റിദ്ധരിപ്പിച്ചായിരുന്നു പീഢനം. അഞ്ച് പേര്‍ക്കെതിരെ കേസ്
രജിസ്‌റ്റര്‍ ചെയ്യുകയും ചെയ്‌തു. ഇതില്‍ ഒരു ബംഗാള്‍ സ്വദേശിയെ മാത്രമാണ്
പോലീസിന് അറസ്റ്റ് ചെയ്യാനായത്. മറ്റുള്ളവര്‍ ഇപ്പോഴും ഒളിവിലാണ്.
പീഢനത്തിനിരായ പെണ്‍കുട്ടികള്‍ സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള നിര്‍ഭയ
ഹോമിലാണിപ്പോള്‍. കഴിഞ്ഞ ജനുവരി അഞ്ചിനാണ് അമ്പിട്ടാംപൊട്ടി സ്വദേശിയായാ
അടുപ്പുകല്ലിങ്ങല്‍ അമല്‍ ജെയിംസ് എന്ന എന്‍ജിനീയറിംഗ് വിദ്യാര്‍ഥി
സഹപാഠികളും, മയക്കുമരുന്ന് റാക്കറ്റില്‍പെട്ടവരുമായവരുടെ
പീഢനങ്ങളെത്തുടര്‍ന്ന് വീടിനുള്ളില്‍ ആത്മഹത്യ ചെയ്‌തത്. സേലം
വെങ്കിടേശ്വര എന്‍ജിനീയറിംഗ് കോളേജിലെ ഇലക്‌ട്രോണിക്‌സ് ആന്റ്
കമ്മ്യുണിക്കേഷന്‍ വിദ്യാര്‍ഥിയായിരുന്നു അമല്‍ ജെയിംസ്. അവസാന വര്‍ഷ
പരീക്ഷ നടക്കുന്നതിന് ഒരു മാസം മുന്‍പാണ് അമല്‍ ആത്മഹത്യ ചെയ്‌തത്.
ഹോസ്റ്റലില്‍ നിന്നും എന്‍പത്തയ്യായിരം രൂപ കാണാതായതിന്റെ പേരില്‍
മാസങ്ങളായി താന്‍ മയക്കുമരുന്ന് റാക്കറ്റില്‍പെട്ടവരും കോളേജിലെ
സഹപാഠികളുമായ നാല് വിദ്യാര്‍ഥികളുടെ നിരന്തരമായ മാനസികവും ശാരീരികവുമായ
പീഢനങ്ങളെത്തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയാണെന്ന് മൂന്ന് പേജില്‍ എഴുതിയ
ആത്മഹത്യാ കുറിപ്പില്‍ വ്യക്തമായി പറയുന്നുണ്ട്. പീഢിപ്പിച്ച
വിദ്യാര്‍ഥികളുടെ പേരുവിവരങ്ങളടക്കം കുറിപ്പില്‍ വിവരിക്കുന്നുണ്ട്.
മരിച്ച വിദ്യാര്‍ഥിയുടെ മാതാവ് മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി ഉന്നത
പോലീസ് ഉദേ്യാഗസ്ഥര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും കേസില്‍
നാളിതുവരെ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ല. കുറിപ്പില്‍ പരാമര്‍ശിച്ച
സംഘത്തലവന്‍ സുല്‍ത്താന്‍പടിയിലെ വീട്ടില്‍ നിരവധി തവണ വന്നുപോയിട്ടും
പോലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നാരോക്കാവ് കടമാന്‍തടം
മത്തായിയുടെ മകള്‍ സൗമ്യയുടെ കേസിലും ഇതു തന്നെയാണ് അവസ്ഥ. ഭര്‍തൃമതിയും
ഒരു കട്ടിയുടെ മാതാവുമായ സൗമ്യ ഭര്‍ത്താവിന്റെയും ഭര്‍തൃമാതാവിന്റെയും
സഹോദരിയുടെയും നിരന്തര പീഢനങ്ങളെത്തുടര്‍ന്നാണ് മരിച്ചത്.
എരുമമുണ്ടയിലുള്ള ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് സൗമ്യയെ
കണ്ടെത്തിയത്. ഈ കേസില്‍ ഭര്‍തൃമാതാവിനെയും സഹോദരിയേയും പോലീസ്
അറസ്റ്റ് ചെയ്‌തിരുന്നു. എന്നാല്‍ പോത്തുകല്‍ കെ.എസ്.ഇ.ബി ജീവനക്കാരനും
കേസിലെ ഒന്നാം പ്രതിയുമായ ഭര്‍ത്താവിനെ നാളിതുവരെ അറസ്റ്റ് ചെയ്യാന്‍
പോലീസ് തയ്യാറായിട്ടില്ല. സഭയുടെ സമ്മര്‍ദ്ദവും ഇതിന് പിറകിലുണ്ടെന്ന്
ആരോപണമുയര്‍ന്നിട്ടുണ്ട്. മുകളിലത്തെ രണ്ട് കേസുകളില്‍ പോലീസ്
സ്റ്റേഷന്‍ ഉപരോധമടക്കമുള്ള സമരങ്ങള്‍ നടന്നിട്ടും പോലീസിന് യാതൊരു
കുലുക്കവുമില്ല. ഇതിന് പുറമെ സ്റ്റേഷന് മുന്‍പിലെ സ്റ്റാളില്‍ നിന്നും
വന്‍ വിലയുള്ള അലങ്കാര പക്ഷികള്‍ മോഷണം പോയ കേസിലും നിരവധി മോഷണകേസുകളിലും
യാതൊരു പുരോഗതിയുമുണ്ടായിട്ടില്ല. ആറോളം തോക്കു കേസുകള്‍ സ്റ്റേഷന്‍
രജിസ്റ്ററില്‍ നിലവിലുണ്ട്. എന്നാല്‍ ഇതിലെന്നിലും തുടരന്വേഷണം ഇതുവരെ
നടന്നിട്ടില്ല. രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കേസുകളില്‍
അനേ്വഷണം നടത്താന്‍ പോലീസ് ഉദേ്യാഗസ്ഥര്‍ തയ്യാറാകാത്തത് വ്യാപക
പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.







