Home » » മുലായം സിങ്‌ പുതിയ ജനതാ പരിവാര്‍ പാര്‍ട്ടിയുടെ അധ്യക്ഷന്‍.

മുലായം സിങ്‌ പുതിയ ജനതാ പരിവാര്‍ പാര്‍ട്ടിയുടെ അധ്യക്ഷന്‍.

Written By Unknown on Wednesday, 15 April 2015 | 10:48

ന്യുഡല്‍ഹി: ജനതാ പരിവാര്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. ആറ്‌ സോഷ്യലിസ്‌റ്റ് പാര്‍ട്ടികള്‍ ചേര്‍ന്നാണ്‌ പുതിയ പാര്‍ട്ടി രൂപീകരിച്ചത്‌. സമാജ്‌വാദി പാര്‍ട്ടി നേതാവ്‌ മുലായം സിങ്‌ പുതിയ പാര്‍ട്ടിയുടെ അധ്യക്ഷനാകും. ഡല്‍ഹിയില്‍ മുലായം സിങിന്റെ വസതിയില്‍ ചേര്‍ന്ന കൂടിയാലോചന യോഗത്തിലാണ്‌ പുതിയ പാര്‍ട്ടി രൂപീകരിച്ചത്‌. യോഗത്തിന്‌ ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ ജെ.ഡി.യു അധ്യക്ഷന്‍ ശരദ്‌ യാദവ്‌ യോഗ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചു.
ആര്‍.ജെ.ഡി, ജനതാദള്‍ (സെക്യുലര്‍), ജെ.ഡി.യു, ഇന്ത്യന്‍ നാഷണല്‍ ലോക്‌ദള്‍, സമാജ്‌വാദി പാര്‍ട്ടി, സമാജ്‌വാദി ജനതാ പാര്‍ട്ടി എന്നീ പാര്‍ട്ടികള്‍ ലയിച്ചാണ്‌ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്‌. പുതിയ പാര്‍ട്ടിയുടെ പേര്‌. ചിഹ്നം, കൊടി എന്നിവ പിന്നീട്‌ പ്രഖ്യാപിക്കും. ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നതിന്‌ മുലായം സിങ്‌ യാദവിന്റെ അധ്യക്ഷതയില്‍ ആറംഗ പാര്‍ലമെന്ററി ബോര്‍ഡും രൂപീകരിച്ചു. സമാജ്‌വാദി ജനതാദള്‍ എന്നോ സമാജ്‌വാദി ജനതാ പാര്‍ട്ടി എന്നോ ആയിരിക്കും പുതിയ പാര്‍ട്ടിയുടെ പേരെന്നാണ്‌ സൂചന. മുന്‍ പ്രധാനമന്ത്രി എച്ച്‌.ഡി ദേവഗൗഡ, ശരദ്‌ യാദവ്‌, ലാലു പ്രസാദ്‌ യാദവ്‌, ഓംപ്രകാശ്‌ ചൗട്ടാല, മൊറാര്‍ക്ക തുടങ്ങിയവരാണ്‌ ബോര്‍ഡിലെ മറ്റ്‌ അംഗങ്ങള്‍.
ബി.ജെ.പി, കോണ്‍ഗ്രസ്‌ ഇതര ബദല്‍ വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ്‌ ജനതാ പരിവാര്‍ പാര്‍ട്ടികള്‍ ലയിച്ചത്‌. ഉടന്‍ നടക്കാനിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പാണ്‌ പാര്‍ട്ടിക്ക്‌ മുന്നിലുള്ള ആദ്യ വെല്ലുവിളി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അടക്കം കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ്‌ ജനതാ പരിവാര്‍ പാര്‍ട്ടികള്‍ ഒന്നിക്കാന്‍ തീരുമാനിച്ചത്‌. 36 ശതമാനം മാത്രം വോട്ട്‌ വിഹിതമുള്ള ബി.ജെ.പി കേന്ദ്രത്തില്‍ ഒറ്റയ്‌ക്ക് അധികാരം പിടിച്ചപ്പോള്‍ അത്രയും തന്നെ വോട്ട്‌ വിഹിതമുള്ള നിതീഷിന്റെ ലാലു പ്രസാദ്‌ യാദവിന്റെയും പാര്‍ട്ടികള്‍ കനത്ത പരാജയം ഏറ്റുവാങ്ങി. ഭിന്നിച്ച്‌ മത്സരിച്ചതാണ്‌ പരാജയകാരണമെന്ന വിലയിരുത്തലിന്റെ അടിസ്‌ഥാനത്തിലാണ്‌ ലയനം.
പുതിയ പാര്‍ട്ടിക്ക്‌ ലോക്‌സഭയില്‍ 15 അംഗങ്ങളും രാജ്യസഭയില്‍ 30 അംഗങ്ങളുമുണ്ട്‌. ലോക്‌സഭയില്‍ മുലായം സിങ്‌ യാദവ്‌ പാര്‍ട്ടിയെ നയിക്കും, രാജ്യസഭയില്‍ ശരദ്‌ യാദവാണ്‌ നേതാവ്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.