പൂനെ: രാജസ്ഥാൻ റോയൽസിനെ 71 റണ്ണിന് തോല്പിച്ച് പുറത്താക്കി വിരാട് കൊഹ്ലിയുടെ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് ഐ.പി.എൽ എട്ടാം സീസണിന്റെ രണ്ടാം ക്വാളിഫയറിൽ മത്സരിക്കാൻ യോഗ്യത നേടി. റാഞ്ചിയിൽ നടക്കുന്ന രണ്ടാം ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിംഗ്സിനെ ബാംഗ്ളൂർ നേരിടും. ഇൗ മത്സരത്തിൽ വിജയിക്കുന്ന ടീം 24ന് കൊൽക്കത്തയിൽ നടക്കുന്ന ഫൈനലിൽ മുംബയ് ഇന്ത്യൻസിനെ നേരിടും.
ഇന്നലെ ടോസ് നേടി ബാറ്റിംഗിനിറങ്ങി നിശ്ചിത 20 ഒാവറിൽ 180/4 എന്ന സ്കോർ ഉയർത്തിയ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ് എതിരാളികളെ 19 ഒാവറിൽ വെറും 109 റണ്ണിന് ആൾ ഒൗട്ടാക്കിയാണ് വൻവിജയം ആഘോഷിച്ചത്.
ഗെയ്ൽ (27), കൊഹ്ലി (12) എന്നിവർ പുറത്തായശേഷം ഡിവില്ലിയേഴ്സും (38 പന്തിൽ 66) മൻദീപ്സിംഗും (34 പന്തിൽ 54) ചേർന്ന് നേടിയ 113 റണ്ണാണ് ബാംഗ്ളൂരിന് മാന്യമായ സ്കോർ നൽകിയത്.ഡിവില്ലിയേഴ്സാണ് മാൻ ഒഫ് ദ മാച്ച്
ടോസ് നേടിയ ബാംഗ്ളൂർ നായകൻ വിരാട് കൊഹ്ലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആറാം ഓവറിൽ കുൽക്കർണിയാണ് രാജസ്ഥാന് ആദ്യ ബ്രേക്ക് സമ്മാനിച്ചത്. ഗെയ്ലിന്റെ കുറ്റി തെറുപ്പിക്കുകയായിരുന്നു കുൽക്കർണി. 26 പന്ത് നേരിട്ട ഗെയ്ൽ നാല് ബൗണ്ടറികളും ഒരു സിക്സും പറത്തി മടങ്ങുമ്പോൾ 41/1 എന്ന നിലയിലായിരുന്നു ബാംഗ്ളൂർ.
തന്റെ അടുത്ത ഓവറിൽ കുൽക്കർണി വീണ്ടും തീക്കാറ്റായി. ഇത്തവണ മടങ്ങേണ്ടിവന്നത് കൊഹ്ലിക്കാണ്. കൊഹ്ലി 12 റണ്ണുമായി കുൽക്കർണിക്ക് റിട്ടേൺ ക്യാച്ച് നൽകിയാണ് തിരിച്ചുനടന്നത്. കുൽക്കർണിയുടെ അടുത്ത ഓവറിൽ തുടർച്ചയായി ഫോറും സിക്സും പറത്തി മൻദീപ് സിംഗ് ബാംഗ്ളൂരിന്റെ ആത്മവിശ്വാസം വീണ്ടെടുത്തു. ഇതോടെ ബാംഗ്ളൂർ 10 ഓവറിൽ 62/2 എന്ന നിലയിലെത്തി. മൻ ദീപും ഡിവില്ലിയേഴ്സും ചേർന്ന് പതിയെ താളം കണ്ടെത്തി.
ബാറ്റ്സ്മാൻമാർക്കൊപ്പം ബൗളർമാരും ഫോമിലേക്ക് ഉയർന്നതോടെയാണ് ബാംഗ്ളൂരിന് ഇൗസീ വിജയം ഒരുങ്ങിയത്. ശ്രീനാഥ് അരവിന്ദ്, ഹർഷൽ പട്ടേൽ, ഡേവിഡ് വീസ്, യുസ്വേന്ദ്ര ചഹൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ മിച്ചൽ സ്റ്റാർക്കിന് ഒരു വിക്കറ്റ് ലഭിച്ചു. 39 പന്തിൽ 42 റണ്ണടിച്ച അജിങ്ക്യ രഹാനെയ്ക്ക് മാത്രമാണ് രാജസ്ഥാൻ നിരയിൽ പിടിച്ചുനിൽക്കാനായത്. ആദ്യ പത്തോവറിൽ 68/3 എന്ന നിലയിലായിരുന്ന രാജസ്ഥാന് പിന്നീട് 41 റണ്ണെടുക്കുന്നതിനിടയിൽ അവശേഷിച്ച വിക്കറ്റുകൾ കൂടി നഷ്ടമാവുകയായിരുന്നു.








