Home » , » തെന്നിന്ത്യന്‍ സംവിധായകന്‍ കെ. ബാലചന്ദര്‍ അന്തരിച്ചു.

തെന്നിന്ത്യന്‍ സംവിധായകന്‍ കെ. ബാലചന്ദര്‍ അന്തരിച്ചു.

Written By Unknown on Tuesday, 23 December 2014 | 10:20

ചെന്നൈ: പ്രമുഖ തെന്നിന്ത്യന്‍ സംവിധായകന്‍ കെ. ബാലചന്ദര്‍ അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. തമിഴ്‌, തെലുങ്ക്‌, കന്നഡ എന്നീ ഭാഷകളിലായി നൂറിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌. മലയാളത്തിലും ഹിന്ദിയിലും ഓരോ ചിത്രങ്ങളും അദ്ദേഹം സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്‌. 1980-ല്‍ പുറത്തിറങ്ങിയ തിരകള്‍ എഴുതിയ കാവ്യം ആണ്‌ അദ്ദേഹം സംവിധാനം ചെയ്‌ത ഏക മലയാള ചിത്രം. 1981ല്‍ പുറത്തിറങ്ങിയ ഏക്‌ ദൂജേ കേ ലിയേ ആണ്‌ ഹിന്ദി ചിത്രം.
1930 ജൂലൈ 9ന്‌ തഞ്ചാവൂരിലെ തമിഴ്‌ ബ്രാഹ്‌മണകുടുംബത്തില്‍ ദണ്ഡപാണിയുടെയും സരസ്വതിയുടെയും മകനായി ജനിച്ച ബാലചന്ദര്‍ ചിദംബരത്തെ അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ബി.എസ്‌സി സുവോളജി ബിരുദം നേടിയ ശേഷം തിരുവാരൂര്‍ ജില്ലയിലെ മുത്തുപ്പേട്ടയില്‍ സ്‌കൂള്‍ അധ്യാപകനായി ഔദേ്യാഗികജീവിതം തുടങ്ങി. പിന്നീട്‌ 1965-ല്‍ എം.ജി.ആറിന്റെ നിര്‍ദ്ദേശപ്രകാരം ദൈവത്തായി എന്ന ചിത്രത്തിന്‌ സംഭാഷണമെഴുതിക്കൊണ്ടാണ്‌ അദ്ദേഹം ചലച്ചിത്ര രംഗത്ത്‌ പ്രവേശിക്കുന്നത്‌.
രജനികാന്ത്‌, കമലഹാസന്‍ എന്നീ സൂപ്പര്‍ താരങ്ങളെ സിനിമയില്‍ അവതരിപ്പിച്ചത്‌ കെ ബാലചന്ദറാണ്‌. 1975-ല്‍ അദ്ദേഹം സംവിധാനം ചെയ്‌ത അപൂര്‍വ്വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ്‌ രജനീകാന്ത്‌ സിനിമയിലേക്ക്‌ കടന്നു വന്നത്‌. പ്രകാശ്‌ രാജ്‌, വിവേക്‌ തുടങ്ങിയ മുന്‍നിര താരങ്ങളെയും സനിമയില്‍ എത്തിച്ചത്‌ ബാലചന്ദറാണ്‌.
സിനിമയ്‌ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌ 2011-ല്‍ അദ്ദേഹത്തിന്‌ ദാദാ സാഹേബ്‌ ഫാല്‍ക്കേ പുരസ്‌ക്കാരം നല്‍കി ആദരിച്ചു. 1987-ല്‍ രാഷ്‌ട്രം പത്മശ്രീ നല്‍കി ആദരിച്ചു. ഒന്നിലധികം തവണ കേന്ദ്ര-സംസ്‌ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്‌.
രാജമാണ്‌ ബാലചന്ദറിന്റെ ഭാര്യ. കൈലാസം, പ്രസന്ന, പുഷ്‌പ കന്തസ്വാമി എന്നിവര്‍ മക്കളാണ്‌.
Share this article :

 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.