കടുത്തുരുത്തി: മകന്റെ വീട് ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരുടെ മുന്നിൽ കുഴഞ്ഞു വീണ് വീട്ടമ്മമരിച്ചു. വീട് സീൽ ചെയ്തതിനാൽ സംസ്‌കാരവും മുടങ്ങി.
കല്ലറ കപിക്കാട് കാശാംകാട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ കുട്ടിയമ്മയാണ് (75) മരണമടഞ്ഞത്. കുട്ടിയമ്മയുടെ മകൻ കരുനാഗപ്പള്ളി കിഴക്കേവലക്കരയിൽ ഗവൺമെന്റ് സ്‌കൂളിലെ അദ്ധ്യാപകനായ കൃഷ്ണൻ കുട്ടി 2011 ൽ മുട്ടുചിറഫെഡറൽ ബാങ്ക് ശാഖയിൽ നിന്നും അഞ്ച് സെന്റ് സ്ഥലത്തിന്റെ ആധാരവും, സാലറി സർട്ടിഫിക്കറ്റും ഈട് നൽകിവീട് നിർമ്മാണത്തിനായി നാലര ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സക്കായി പണം ചെലവഴിക്കേണ്ടി വന്നതോടെ വായ്പാ അടവ് മുടങ്ങി. തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ അഡ്വ. കമ്മീഷണറും, ബാങ്ക് ചീഫ് മാനേജരും, ബ്രാഞ്ച് മാനേജരും, കുടുത്തുരുത്തി പൊലീസ് സ്റ്റേഷനിൽ നിന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥനും ജപ്തി നടപടിക്കായി കൃഷ്ണൻ കുട്ടിയുടെ കപിക്കാടുള്ള വീട്ടിലെത്തി. കുട്ടിഅമ്മയും ചെറുമകൾ ശ്രുതിയും(22)മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീട് ജപ്തി ചെയ്യുവാൻ എത്തിയതാണെന്നും അത്യാവശ്യ വീട്ടുപകരണങ്ങൾ എടുത്ത് ഇറങ്ങണമെന്നുംഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ജപ്തി നടപടികൾ പുരോഗമിക്കുന്നതിനിടെ കുട്ടിയമ്മ ഉദ്യോഗസ്ഥർക്ക് മുന്നിൽ കുഴഞ്ഞു വീണു.
അരമണിക്കൂറോളം നിലത്ത് വീണുകിടന്ന വീട്ടമ്മയെ ആശുപത്രിയിലെത്തിക്കുവാൻ ഉദ്യോഗസ്ഥർ കൂട്ടാക്കിയില്ലെന്ന് ചെറുമകൾ ശ്രുതി പറഞ്ഞു. അയൽവാസികളെ വിളിച്ച് കൊണ്ടു വന്ന് അരമണിക്കൂറിന് ശേഷമാണ് കുറുപ്പന്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .നിലവഷളായതോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പുലർച്ചെ നാലു മണിയോടെ മരിച്ചു. കുട്ടിയമ്മയെ ആശുപത്രിയിലെത്തിക്കാൻകൊണ്ടുവന്ന ഓട്ടോറിക്ഷ മുറ്റത്തേക്ക് കയറ്റുന്നതിന് വാഹനം മാറ്റിക്കൊടുക്കാൻ പോലും ഉദ്യോഗസ്ഥർ തയ്യാറായില്ലെന്ന് അയൽവാസികൾ പറഞ്ഞു. ഉദ്യോഗസ്ഥർ വീട് പൂട്ടി താക്കോലുമായി പോയതോടെ ചികിത്സയുടെ വിവരങ്ങളടങ്ങിയ ആശുപത്രി രേഖകൾ എടുക്കാൻ കഴിഞ്ഞില്ല.ഇത് മൂലംചികിത്സ താമസിച്ചു. വീട് പൂട്ടിയതിനാൽ സംസ്‌ക്കാര ചടങ്ങ് മാറ്റി വെച്ചു. പിന്നീട് പഞ്ചായത്ത് മെമ്പർഉദ്യോഗസ്ഥരുമായി നടത്തിയചർച്ചയെത്തുടർന്ന് താക്കോൽ തിരിച്ച് നൽകി.
10,6884 രൂപയാണ് കുടിശ്ശികയായി കൃഷ്ണൻ കുട്ടി ബാങ്കിൽ അടക്കുവാനുണ്ടായിരുന്നത്. കുടിശ്ശിക തിരികെ അടക്കുവാൻ ജനുവരി മാസം വരെ അവധി ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ മാസം മുതൽ കൃഷ്ണൻ കുട്ടിയുടെ ശമ്പളത്തിൽ നിന്നും ബാങ്ക് കുടിശ്ശിക ഈടാക്കാൻ തുടങ്ങിയിരുന്നു. കൂടാതെ 53,000 രൂപ കഴിഞ്ഞ മാസം ബാങ്കിൽ അടക്കുകയും ചെയ്തു. ഇതിനിടയിലാണ് ജപ്തിക്കായി ബാങ്ക് ഉദ്യോഗസ്ഥർ എത്തിയത്. വായ്പ കുടിശ്ശിക വരുത്തിയതിനാൽ നിയമാനുസൃതമായ നടപടികളാണ് തങ്ങൾ സ്വീകരിച്ചതെന്നും ബാങ്ക് ഉദ്യോഗസ്ഥർപറഞ്ഞു.







