ട്രോളിംഗ്;പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കുo.

Written By Unknown on Friday, 29 May 2015 | 00:00

ന്യുഡല്‍ഹി: ട്രോളിംഗ് നിരോധനത്തില്‍ നിന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ഒഴിവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍സിംഗുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് പരമ്പരാഗത തൊഴിലാളികള്‍ക്ക് ഇളവ് അനുവദിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
എന്നാല്‍ ട്രോളിംഗ് നിരോധനം 47 ദിവമായി ചുരുക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി. നിരോധന കാലയളവ് 61 ദിവസമായി കേന്ദ്രം ഉയര്‍ത്തിയിരുന്നു. ജൂണ്‍ ഒന്നു മുതല്‍ ജൂലൈ 31 വരെയാണ് നിരോധനം. ഇതില്‍ മത്സ്യത്തൊളിലാളികള്‍ക്കും മറ്റ് വിഭാഗങ്ങള്‍ക്കും എതിര്‍പ്പുണ്ട്. പരമ്പരാഗത തൊഴിലാളികളെ ഒഴിവാക്കിയതോടെ മത്സ്യബന്ധന മേഖലയില്‍ വലിയ പ്രതികരണം ഉണ്ടാക്കും.
മത്സ്യബന്ധന മേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പ്പിക്കുന്നതിന് കുുടതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മത്സ്യബന്ധന തുറമുഖങ്ങള്‍, ബോട്ടുകള്‍ക്കായുള്ള ലാന്‍ഡിംഗ് സെന്റര്‍ എന്നിവയുടെ നവീകരണത്തിനുള്ള തുകയില്‍ 75 ശതമാനം കേന്ദ്രവും 25 ശതമാനം സംസ്ഥാനവുമാണ് ഇപ്പോള്‍ വഹിക്കുന്നത്. കേന്ദ്രവിഹിതത്തില്‍ കാര്യമായ കുറവ് വരുത്താന്‍ പരിഗണിക്കുന്നുണ്ട്. എന്നാല്‍ അത് ഉടന്‍ നിലവില്‍ വരില്ല. താന്‍ കൂടി അംഗമായ നീതി ആയോഗിന്റെ ഉപസമിതിയുടെ റിപ്പോര്‍ട്ട് വന്നശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കൂവെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.
ഗാര്‍ഹിക ആവശ്യത്തിന് സബ്‌സിഡി ഇനത്തില്‍ ക്വാട്ടയായി ലഭിക്കുന്ന മണ്ണെണ്ണ വിഹിതത്തില്‍ നിന്നാണ് ഇപ്പോള്‍ മത്സ്യത്തൊളിലാളികള്‍ ഉപയോഗിച്ചുവരുന്നത്. ഈ വിഹിതം കൂട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു. പെട്രോളിയം മന്ത്രാലയവുമായി ചര്‍ച്ച ചെയ്തശേഷം തീരുമാനിമെടുക്കാമെന്ന് കൃഷിമന്ത്രി അറിയിച്ചു. മഴയെ തുടര്‍ന്ന് കൃഷിനാശമുണ്ടാകുമ്പോള്‍ നല്‍കുന്ന നഷ്ടപരിഹാരം വര്‍ധിപ്പിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പ്രതികരിച്ചു.

ബാര്‍ കോഴ;അന്വേഷണമേല്‍നോട്ടം വഹിക്കുന്നഎ.ഡി.ജി.പി ക്ക് മാറ്റം,

Written By Unknown on Thursday, 28 May 2015 | 17:16

തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ അന്വേഷണമേല്‍നോട്ടം വഹിക്കുന്നഎ.ഡി.ജി.പി: ജേക്കബ്‌ തോമസിനെ ഡി.ജി.പിയായി സ്‌ഥാനക്കയറ്റം കിട്ടിയതോടെ വിജിലന്‍സില്‍നിന്നു മാറ്റി, കേരള പോലീസ്‌ ഹൗസിങ്‌ കണ്‍സ്‌ട്രക്‌ഷന്‍ കോര്‍പറേഷന്‍ മാനേജിംഗ്‌ ഡയറക്‌ടറായി നിയമിക്കും. 
പോലീസ്‌ മേധാവിയായി ടി.പി. സെന്‍കുമാര്‍ ചുമതലയേല്‍ക്കുന്നതിനു മുമ്പുള്ള അഴിച്ചുപണിയില്‍ ഉത്തരമേഖലാ എ.ഡി.ജി.പി: എന്‍. ശങ്കര്‍ റെഡ്‌ഡിയെ വിജിലന്‍സില്‍ നിയമിക്കുമെന്നാണു സൂചന. പരിശീലനവിഭാഗം മേധാവി രാജേഷ്‌ ദിവാനെ ഉത്തരമേഖലയില്‍ നിയമിച്ചേക്കും. പോലീസ്‌ നവീകരണച്ചുമതലയുള്ള എ.ഡി.ജി.പി: അരുണ്‍കുമാര്‍ സിന്‍ഹയ്‌ക്കു ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ ഭരണച്ചുമതല നല്‍കും. നിലവില്‍ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ്‌ എ.ഡി.ജി.പിയായ ലോക്‌നാഥ്‌ ബെഹ്‌റയെ ജയില്‍മേധാവിയായി നിയമിക്കുന്നതിനൊപ്പം ഡി.ജി.പിയായി സ്‌ഥാനക്കയറ്റം നല്‍കും.
എന്നും വിവാദങ്ങള്‍ക്കൊപ്പമായിരുന്നു 1985 ബാച്ച്‌ ഐ.പി.എസുകാരനായ ജേക്കബ്‌ തോമസിന്റെ ഔദ്യോഗികജീവിതം. എറണാകുളം കമ്മിഷണറായിരിക്കേ രാമവര്‍മ ക്ലബ്ബില്‍ ഉന്നതരുടെ ചീട്ടുകളി അവസാനിപ്പിച്ചതിനേത്തുടര്‍ന്ന്‌ കസേര തെറിച്ചു. ക്രൈംബ്രാഞ്ച്‌ എസ്‌.പി, സിവില്‍ സപ്ലൈസ്‌ കോര്‍പറേഷന്‍ മാനേജിങ്‌ ഡയറക്‌ടര്‍, തുറമുഖ ഡയറക്‌ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

അരുവിക്കര എല്‍.ഡി.എഫ് എം. വിജയകുമാര്‍.

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സി.പി.എം നേതാവ് എം. വിജയകുമാര്‍ മത്സരിക്കും. പാര്‍ട്ടിയുടെ ജില്ലയിലെ മുതിര്‍ന്ന നേതാവും അരുവിക്കര മണ്ഡലത്തില്‍ തന്നെയുള്ള വോട്ടര്‍ എന്നീ പരിഗണനകളാണ് വിജയകുമാറിന് അനുകൂലമായത്. ഇന്നു ചേര്‍ന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റാണ് വിജയകുമാറിന്റെ പേര് നിര്‍ദേശിച്ചത്. നാളെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് ഇത് അംഗീകരിക്കും.
തലസ്ഥാന നഗരത്തിന് ഏറെ പരിചയമുള്ളയാളാണ് വിജയകുമാര്‍. 1987, 1991, 1996 വര്‍ഷങ്ങളില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പത്താം നിയമസഭയില്‍ സ്പീക്കറായും 1996ലെ എല്‍.ഡി.എഫ് സര്‍ക്കാരില്‍ നിയമ, കായിക, യുവജന ക്ഷേമ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമബിരുദധാരിയാണ്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ എന്നിവയിലൂടെ പ്രവര്‍ത്തിച്ച പാര്‍ട്ടി സംസ്ഥാന നേതൃനിരയിലേക്ക് ഉയര്‍ന്ന വിജയകുമാര്‍ തന്നെയാണ് അരുവിക്കരയില്‍ മത്സരിക്കാന്‍ പാര്‍ട്ടിക്കു മുന്നിലുള്ള ഏറ്റവും അനുയോജ്യനായ സ്ഥാനാര്‍ത്ഥിയും.

ടി.സിദ്ധിഖുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ കെപിസിസി സമിതിയെ നിയോഗിച്ചു.

കോഴിക്കോട്: കോൺഗ്രസ് നേതാവ് ടി.സിദ്ധിഖുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ കെപിസിസി സമിതിയെ നിയോഗിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് ഭാരതിപുരം ശശി അധ്യക്ഷനായ മൂന്നംഗ സമിതിയെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. ഇവർ അന്വേഷണ റിപ്പോർട്ട് കെപിസിസി പ്രസിഡന്റിന് കൈമാറും. 

മുൻ ഭാര്യയെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന് ആരോപണമുയർന്നതിനെ തുടർന്ന് സിദ്ധിഖ് കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിരുന്നു.

മുതിര്‍ന്ന നേതാക്കള്‍ അധികാരസ്ഥാനത്തുനിന്നു മാറാന്‍ ശ്രമിക്കുന്നില്ല ;യൂത്ത്‌ കോണ്‍ഗ്രസ്‌.

Written By Unknown on Wednesday, 27 May 2015 | 18:52

കോഴിക്കോട്‌: മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ അധികാരസ്ഥാനത്തുനിന്നു മാറാന്‍ ശ്രമിക്കുന്നില്ലെന്നു യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന സമ്മേളനത്തിലെ സംഘടനാപ്രമേയം. ഒരു ഗ്രൂപ്പിലും പെടാത്തവര്‍ക്കു കോണ്‍ഗ്രസില്‍ നില്‍ക്കാന്‍ കഴിയാത്ത അപകടകരമായ അവസ്ഥയാണുളളതെന്നും യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.ജി. സുനില്‍ അവതരിപ്പിച്ച സംഘടനാപ്രമേയം പറയുന്നു.

അതേസമയം സര്‍ക്കാരിനും മുന്നണിക്കുമെതിരെ ശക്തമായ പ്രതികരണങ്ങളുണ്ടായിരുന്ന രാഷ്‌ട്രീയ പ്രമേയം അവസാനനിമിഷം മയപ്പെടുത്തി. ആഭ്യന്തരവകുപ്പിനെതിരെ ശക്തമായ വിമര്‍ശനമാണു
ണ്ടായിരുന്നത്‌.

അരുവിക്കര ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പ്രമേയത്തിലെ പരാമര്‍ശങ്ങള്‍ മുന്നണിക്കും പാര്‍ട്ടിക്കും ദോഷകരമായി ബാധിക്കുമെന്നതിനാല്‍ ഉന്നത നേതാക്കള്‍ ഇടപെട്ടാണ്‌ ആഭ്യന്തര വിഷയങ്ങള്‍ മാത്രമായി തിരുത്തിയത്‌.

കോണ്‍ഗ്രസ്‌ വേദികളില്‍ എത്തിനോക്കാന്‍ അനുവദിക്കാത്ത നേതാക്കള്‍, യൂത്ത്‌ കോണ്‍ഗ്രസ്‌ വേദികള്‍ തങ്ങളുടെ ഫോട്ടോ സെഷനുകളാക്കിയും പ്രസംഗ പരീശിലനക്കളരിയാക്കിയും ആത്മനിര്‍വൃതി അടയുന്നുവെന്നും സംഘടനാപ്രമേയത്തില്‍ പരിഹസിക്കുന്നുണ്ട്. വരാന്‍പോകുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരായ യുവാക്കള്‍ക്ക്‌ 50 ശതമാനം സീറ്റ്‌ നല്‍കണമെന്നും ആവശ്യമു
ണ്ട്. കോണ്‍ഗ്രസ്‌ നേതൃത്വത്തിനെതിരെയും കടുത്ത വിമര്‍ശനമാണുളളത്‌.

എംഎല്‍എമാര്‍ക്ക്‌ മണ്ഡലങ്ങള്‍ പതിച്ചുനല്‍കി പാര്‍ട്ടി സ്ഥാനങ്ങളും മറ്റും പകുത്തുനല്‍കാന്‍ അവകാശവും അധികാരവും നല്‍കിയ നേതൃത്വം ഈ പാര്‍ട്ടിയെ എവിടേക്കാണു നയിക്കുന്നത്‌. വേദം കേള്‍ക്കുന്ന ശൂദ്രന്റെ ചെവിയില്‍ ഈയം ഉരുക്കി ഒഴിക്കുന്ന ചാതുര്‍വണ്യ മനോഭാവം അവസാനിപ്പിച്ചേ മതിയാവൂ. പാര്‍ട്ടി നേതാക്കന്‍മാരുടെ ഗ്രൂപ്പ്‌ താത്‌പര്യങ്ങളെയും അനാവശ്യമായ ഇടപെടലുകളേയും കണക്കിനു വിമര്‍ശിക്കുന്ന പ്രമേയത്തില്‍ യൂത്ത്‌ കോണ്‍ഗ്രസിന്‌ അര്‍ഹമായ അംഗീകാരം നല്‍കിയില്ലെങ്കില്‍ മാറി ചിന്തിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ്‌ നല്‍കുന്നു
ണ്ട്.

ഗ്രൂപ്പ്‌ മാനേജര്‍മാര്‍ ഉന്തി മരം കേറ്റിയവര്‍ മുകളിലോട്ടോ താഴോട്ടോ എന്നറിയാതെ നേതാവിന്റെ ആജ്ഞകള്‍ക്കായി കാത്തിരിക്കുന്നത്‌ സംഘടനയുടെ ശാപമാണ്‌. കോണ്‍ഗ്രസ്‌ നേതൃത്വം ഈ സംഘടനയില്‍ നടത്തുന്ന അനാവശ്യ ഇടപ്പെടലുകള്‍ അവസാനിപ്പിക്കണം. കൈയും കാലും ബന്ധിച്ചു നീന്തല്‍ പഠിപ്പിക്കുന്ന സാഡിസം അവസാനിപ്പിച്ചേ മതിയാവൂവെന്ന്‌ പ്രമേയത്തില്‍ പറയുന്നു
ണ്ട്. യൂത്ത്‌ കോണ്‍ഗ്രസിന്‌ കഴിഞ്ഞ ഒരു വര്‍ഷമായി ആലസ്യം ബാധിച്ചിരിക്കുന്നു. ഒരു കാലത്ത്‌ കോണ്‍ഗ്രസ്‌ നേതാക്കളെ വേദികളില്‍ സഹകരിപ്പിക്കേണെ്‌ടന്നും താക്കോല്‍ സ്ഥാനങ്ങള്‍ കൈയടക്കണമെന്നും പറഞ്ഞ യുവതുര്‍ക്കികള്‍ ഇപ്പോള്‍ അധികാരസ്ഥാനങ്ങളുടെ ഗിന്നസ്‌ റിക്കാര്‍ഡ്‌ സ്ഥാപിക്കുകയാണ്‌.

താത്‌പര്യമില്ലാത്തവരുള്‍പ്പെട്ട പ്രവര്‍ത്തന സജ്ജരല്ലാത്തതുമായ കമ്മറ്റികള്‍ ഒഴിവാക്കണം. പ്രവര്‍ത്തിക്കാന്‍ മനസില്ലാത്തവര്‍ മനഃപൂര്‍വം ഉണ്ടാക്കുന്ന ഗ്രൂപ്പ്‌ വൈരങ്ങള്‍ പ്രസ്ഥാനത്തിന്‌ കളങ്കം ചാര്‍ത്തും. അഴിമതിക്കെതിരെ മുഖം നോക്കാതെ നിലപാടെടുക്കാന്‍ തയ്യാറാകണം. അഴിമതി ഇന്ന്‌ ഇന്ത്യന്‍ യുവത്വം ഏറ്റവും കൂടുതല്‍ വെറുക്കുന്ന പദമാണ്‌. ഡല്‍ഹിയില്‍ നടന്ന രാഷ്‌ട്രീയ ഉരുള്‍പൊട്ടല്‍ നമുക്കു പാഠമാകണം. സത്യം വിളിച്ചു പറയുമ്പോള്‍, അഴിമതിക്കെതിരേ പട നയിക്കുമ്പോള്‍ ആരെങ്കിലും അസ്വസ്ഥരായാല്‍ അതോര്‍ത്തു സമയം പാഴാക്കേ
ണ്ടതില്ല.

ഇന്നലെകള്‍ സമ്പന്നമായിരുന്നു ഇന്ന്‌ വെളിച്ചം പോരാ എന്നു പറയുന്ന നേതാക്കളെ കുമ്പളങ്ങ കൊ
ണ്ട് ഉത്തരത്തില്‍ തട്ടി ഇപ്പം ശരിയായി എന്ന പറയുന്ന മൂത്താശാരിയുടെ ഈഗോ അവസാനിപ്പിക്കണമെന്നും പ്രമേയം ഓര്‍മിപ്പിച്ചു. ഗ്രൂപ്പ്‌ മാനേജര്‍മാരുടെ ഗുഡ്‌ ബുക്കിലും നേതാക്കന്മാരുടെ കോണ്‍ടാക്ട്‌ ലിസ്റ്റിലും പെടാതെ നാല്‍ക്കവലകളിലും നടവഴിയിലും പീടികത്തിണ്ണയിലും കോണ്‍ഗ്രസിന്റെ നാവായി പ്രവര്‍ത്തിക്കുന്ന സാധാരണ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകന്റെ സംരക്ഷണം യൂത്ത്‌ കോണ്‍ഗ്രസ്‌ ഏറ്റെടുക്കണം. ഒരു ഗ്രൂപ്പിന്‌ മുന്നില്‍ അണിനില്‍ക്കേണ്ടവരല്ല യൂത്ത്‌ കോണ്‍ഗ്രസുകാരെന്നും പ്രമേയം ഓര്‍മിപ്പിക്കുന്നു.

പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ്‌ രംഗത്തും സാംസ്‌കാരിക സാമൂഹിക കായിക രംഗത്തും യൂത്ത്‌ കോണ്‍ഗ്രസ്‌ കൂടുതല്‍ സജീവമാകണമെന്നും സംഘടനാപ്രമേയത്തില്‍ പറയുന്നു
ണ്ട്.

ആറന്മുള ജനങ്ങളുടെ അതിജീവനസമരം പൂർണവിജയo;കുമ്മനം

കണ്ണൂർ : ആറന്മുള വിമാനത്താവളത്തിനുള്ള അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയം പിൻവലിച്ചതോടെ  ജനങ്ങളുടെ അതിജീവനസമരം പൂർണവിജയത്തിലെത്തിയതായി ആറന്മുള പൈതൃകഗ്രാമ കർമ്മസമിതി മുഖ്യ രക്ഷാധികാരി കുമ്മനം രാജശേഖരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പരിസ്ഥിതി, പ്രതിരോധ മന്ത്രായലങ്ങൾ നേരത്തെ അനുമതി റദ്ദാക്കിയതാണ്. വ്യോമയാന മന്ത്രാലയം കൂടി അനുമതി റദ്ദാക്കിയതോടെ വിമാനത്താവളത്തിന്റെ ശവപ്പെട്ടിയിൽ അവസാനത്തെ ആണിയും അടിച്ചുകഴിഞ്ഞു. ജനകീയസമരങ്ങളെ കീഴ്പ്പെടുത്താൻ കഴിയില്ലെന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ആറന്മുള പ്രക്ഷേഭം. സ്ഥലം എംഎൽ.എ യും എം.പിയും രാജ്യസഭാ ഉപാദ്ധ്യക്ഷനും വിമാനത്താവളത്തിനായി  കെ.ജി.എസ് ഗ്രൂപ്പുമായി കൈകോർക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍കോഴ;കേരളാ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം.

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ കേരളാ കോണ്‍ഗ്രസി(എം)ല്‍ ഭിന്നാഭിപ്രായം.കുറ്റപത്രം വന്നാല്‍ മാണിക്കു മന്ത്രിസ്‌ഥാനം ഒഴിയേണ്ടിവരുമെന്നാണു പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍. അങ്ങനെയുണ്ടായാല്‍ പകരക്കാരനെ നിയോഗിക്കണമോ, ഭരണവുമായി ബന്ധപ്പെട്ട്‌ പാര്‍ട്ടിക്കു ലഭിച്ചിട്ടുള്ള മുഴുവന്‍ സ്‌ഥാനങ്ങളും രാജിവച്ച്‌ സര്‍ക്കാരിനെ പുറത്തുനിന്നു പിന്തുണയ്‌ക്കണമോ എന്ന കാര്യങ്ങളിലാണു ഭിന്നതയുള്ളത്‌. മാണി വിഭാഗത്തിന്റെ അഭിപ്രായങ്ങളോട്‌ ഇക്കാര്യത്തില്‍ യോജിക്കാന്‍ പഴയ ജോസഫ്‌ വിഭാഗം തയാറല്ലെന്നാണു വിവരം.കേസില്‍ വസ്‌തുതാ റിപ്പോര്‍ട്ടിന്മേല്‍ ലഭിക്കുന്ന നിയമോപദേശം അനുസരിച്ചായിരിക്കും കുറ്റപത്രം തയാറാക്കണമോ വേണ്ടയോയെന്നു വിജിലന്‍സ്‌ തീരുമാനിക്കുക. കുറ്റപത്രം സമര്‍പ്പിക്കാന്‍ നിയമോപദേശം കിട്ടിയാല്‍ മാണിയുടെ പേര്‌ ഉള്‍പ്പെടുത്തും. കുറ്റപത്രം വന്നാലും രാജിവയ്‌ക്കേണ്ടതില്ലെന്നു നേരത്തേ മാണി പറഞ്ഞിരുന്നെങ്കിലും മന്ത്രിസ്‌ഥാനത്ത്‌ തുടരാന്‍ പ്രയാസമാകും. ഇതുസംബന്ധിച്ചു സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ സംബന്ധിച്ച്‌ പാര്‍ട്ടിയില്‍ ചര്‍ച്ച സജീവമായിട്ടുണ്ട്‌.
മന്ത്രിസ്‌ഥാനം ഒഴിയേണ്ടിവന്നാല്‍ തനിക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ഭരണവുമായി ബന്ധപ്പെട്ട പദവികള്‍ വഹിക്കുന്നവരെല്ലാം സ്‌ഥാനം രാജിവയ്‌ക്കണമെന്ന നിര്‍ദേശമാണു കെ.എം. മാണി മുന്നോട്ടുവയ്‌ക്കുന്നത്‌. അദ്ദേഹത്തിനു പുറമെ മന്ത്രി പി.ജെ. ജോസഫ്‌, ചീഫ്‌ വിപ്പ്‌ തോമസ്‌ ഉണ്ണിയാടന്‍ എന്നിവരാണു പ്രധാന സ്‌ഥാനങ്ങള്‍ വഹിക്കുന്നത്‌.
രാജിവച്ച്‌ യു.ഡി.എഫില്‍ തുടരുകയും സര്‍ക്കാരിനെ പുറത്തുനിന്നു പിന്തുണയ്‌ക്കണമെന്നുമാണു മാണിയുടെ നിലപാട്‌. എന്നാല്‍, ഇതിനോടു പാര്‍ട്ടിയിലെ ഭൂരിപക്ഷത്തിനും യോജിപ്പില്ല. പഴയ ജോസഫ്‌ വിഭാഗം ഇതിനോട്‌ ഒട്ടും അനുകൂലമായി പ്രതികരിക്കുന്നുമില്ല. തങ്ങളുടെ വിയോജിപ്പ്‌ അവര്‍ മാണിയെ അറിയിച്ചതായാണു വിവരം. തങ്ങളോട്‌ അനീതി കാട്ടിയെന്നു വരുത്തിത്തീര്‍ത്ത്‌ മുഴുവന്‍ സ്‌ഥാനമാനങ്ങളും രാജിവച്ചശേഷം സര്‍ക്കാരിനെ പുറത്തുനിന്നു പിന്തുണയ്‌ക്കുന്നതും മുന്നണിയില്‍ തുടരുന്നതും അനൗചിത്യമാണെന്നാണു ജോസഫ്‌ വിഭാഗത്തിന്റെ അഭിപ്രായം. മാണി രാജിവയ്‌ക്കേണ്ടിവന്നാല്‍ മറ്റൊരാളെ മന്ത്രിയാക്കണമെന്നാണ്‌ അവരുടെ അഭിപ്രായം. സി.എഫ്‌. തോമസിനെ മന്ത്രിസഭയില്‍ കൊണ്ടുവരാനാണ്‌ അവര്‍ ആഗ്രഹിക്കുന്നത്‌. ധനവകുപ്പ്‌ ജോസഫിനും ജലവിഭവ വകുപ്പ്‌ സി.എഫ്‌. തോമസിനും കൈമാറണമെന്നാണ്‌ അവരുടെ നിര്‍ദേശം. ഇതിനോടു മാണിക്കു താല്‍പര്യമില്ല. എന്നാല്‍, പഴയ മാണിഗ്രൂപ്പുകാര്‍ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം എം.എല്‍.എമാര്‍ക്കും ജോസഫ്‌ ഗ്രൂപ്പിന്റെ നിര്‍ദേശത്തോട്‌ യോജിപ്പാണുള്ളത്‌. മുന്നണി വിടുന്നതിനോടും അവര്‍ക്ക്‌ യോജിപ്പില്ല.
പി.സി. ജോര്‍ജിനു പകരം ചീഫ്‌വിപ്പ്‌ സ്‌ഥാനം കിട്ടിയ തോമസ്‌ ഉണ്ണിയാടന്‍ മാണിയുടെ വിശ്വസ്‌തനാണെങ്കിലും പദവി പെട്ടെന്ന്‌ ഉപേക്ഷിക്കാന്‍ അദ്ദേഹവും തയാറല്ലെന്നാണു വിവരം. എതിരാളികള്‍പോലും യാതൊരു ആരോപണവും തനിക്കെതിരേ ഉന്നയിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ അനാവശ്യമായി മന്ത്രിസ്‌ഥാനം ഒഴിയുന്നതിലെ അനൗചിത്യമാണു ജോസഫ്‌ ചൂണ്ടിക്കാട്ടുന്നത്‌. ഇപ്പോള്‍ അനൗപചാരിക ചര്‍ച്ചകള്‍ മാത്രമാണു തുടങ്ങിയിട്ടുള്ളത്‌. കുറ്റപത്രത്തില്‍ മാണിയുടെ പേരു വന്നാല്‍ കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്കു സാധ്യതയുണ്ടെന്നാണു ചില നേതാക്കള്‍ നല്‍കുന്ന സൂചന.

ആറന്മുള വിമാനത്താവളത്തിനു അനുമതി കേന്ദ്ര സർക്കാർ റദ്ദാക്കി.

Written By Unknown on Tuesday, 26 May 2015 | 23:28

ന്യൂഡൽഹി: പത്തനംതിട്ട ജില്ലയിലെ നിർദ്ദിഷ്ട ആറന്മുള വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോവാനുള്ള യു.ഡി.എഫ് സർക്കാരിന്റെ തീരുമാനത്തിന് ശക്തമായ തിരിച്ചടി നൽകിക്കൊണ്ട് വിമാനത്താവളത്തിനുള്ള അനുമതി കേന്ദ്ര സർക്കാർ റദ്ദാക്കി. ഇക്കാര്യം പദ്ധതി നടത്തിപ്പുകാരായ കെ.ജി.എസ് ഗ്രൂപ്പിനെ കേന്ദ്ര വ്യോമയാന മന്ത്രാലയം  ഔദ്യോഗികമായി അറിയിച്ചു. വിമാനത്താവളത്തിന് പരിസ്ഥിതി അനുമതി നേരത്തെ നൽകിയിരുന്നെങ്കിലും ആറന്മുള പൈതൃക സംരക്ഷണ സമിതി നൽകിയ ഹർജിയെ തുടർന്ന് ദേശീയ ഹരിത ട്രൈബ്യൂണ അനുമതി നിഷേധിക്കുകയായിരുന്നു. തുടർന്ന്, സുപ്രീംകോടതിയും ഈ വിധി ശരിവച്ചു. ഇതിന് പിന്നാലെ പദ്ധതിക്ക് കേന്ദ്ര പ്രതിരോധ മന്ത്രാലയവും അനുമതി നിഷേധിച്ചു.  
2000 കോടി രൂപ മുതൽമുടക്കിലായിരുന്നു വിമാനത്താവളം നിർമിക്കാൻ ഉദ്ദേശിച്ചിരുന്നത്. നേരത്തെ പരിസ്ഥിതി ആഘാത പഠനത്തിന് അനുമതി നൽകിയിരുന്നു. എന്നാൽ പരിസ്ഥിതി ആഘാത പഠനം നടത്തിയ കന്പനിക്ക് മതിയായ യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരിത ട്രൈബ്യൂണൽ അനുമതി നിഷേധിച്ചത്. തുടർന്ന് പുതിയ കന്പനി പുതിയ അപേക്ഷയുമായി ഏപ്രിലിൽ കേന്ദ്ര സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ, സുപ്രീംകോടതിയും പ്രതിരോധ മന്ത്രാലയവും അനുമതി നിഷേധിച്ചതിനാൽ ഇനി അനുമതി നൽകാനാവില്ലെന്ന് കേന്ദ്രം നിലപാടെടുത്തു.

മാണിയുടെ അറസ്റ്റ് ഇനിയും വൈകിയാൽ ഉമ്മൻചാണ്ടി കനത്ത വില നൽകേണ്ടിവരുo;കോടിയേരി

കണ്ണൂർ: ബാർ കോഴക്കേസിൽ സാക്ഷിമൊഴി സാധൂകരിക്കുന്ന നുണപരിശോധനാ റിപ്പോർട്ട് പുറത്തുവന്നിരിക്കെ  മന്ത്രി കെ. എം.  മാണിയുടെ അറസ്റ്റ് ഇനിയും വൈകിയാൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി കനത്ത വില നൽകേണ്ടിവരുമെന്ന് സി.പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മാണിയെ ഒരു പൊതുപരിപാടിയിലും  പങ്കെടുക്കാൻ അനുവദിക്കില്ല. എത്രയും വേഗം അറസ്റ്റുണ്ടാവണം. ഏതു ജയിലിലേക്കാണ് അയക്കേണ്ടതെന്ന് കോടതി തീരുമാനിക്കട്ടെ.
സി.പി.എമ്മിന്റെ  പുതിയ റെഡ് വോളണ്ടിയർ സേനയുടെ പരേഡിൽ സല്യൂട്ട് സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു കോടിയേരി.

അരുവിക്കര ഉപതിരഞ്ഞെടുപ്പ് ജൂൺ 27ന്.

തിരുവനന്തപുരം:  അരുവിക്കര നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ചു. ജൂൺ 27നാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ജൂൺ 30ന് നടക്കും. കോൺഗ്രസ് നേതാവും സ്പീക്കറുമായിരുന്ന ജി.കാർത്തികേയൻ അന്തരിച്ചതിനെ തുടർന്നാണ് അരുവിക്കര മണ്ഡലത്തിൽ ഉപതിര‌ഞ്ഞെടുപ്പ് വേണ്ടി വന്നത്. 
ജൂൺ മൂന്നിന് വിജ്ഞാപനം പുറപ്പെടുവിക്കും. 10വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. 11ന് സൂക്ഷ്മ പരിശോധന നടക്കും. 13വരെ നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായും തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി.

വിജിലൻസിനെ ഭയപ്പെടുത്തി മാണിയ്ക്കെതിരായ കുറ്റപത്രം ഇല്ലാതാക്കാൻ സർക്കാർ ശ്രമo; വി.എസ്.

തിരുവനന്തപുരം: വിജിലൻസിനെ ഭയപ്പെടുത്തി കെ.എം.മാണിയ്ക്കെതിരായ കുറ്റപത്രം ഇല്ലാതാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ ആരോപിച്ചു. ബാർ കോഴ കേസിലെ നുണ പരിശോധനാ ഫലം പുറത്തായതിനെപ്പറ്റി അന്വേഷണം നടത്താനുളള ആഭ്യന്തരവകുപ്പിന്റെ നീക്കം വിജിലൻസിനെ ഭീഷണിപ്പെടുത്തി സമർദ്ദത്തിലാക്കാനുളള തന്ത്രമാണെന്നും വി.എസ് പ്രസ്താവനയിൽ പറഞ്ഞു.

വിജിലൻസ് അന്വേഷണം സംബന്ധിച്ച പല കേസുകളിലും ഇതുപോലെ വിവരങ്ങൾ പുറത്തു വന്നിട്ടുണ്ട്. ബാർ കോഴക്കേസിലെ നിർണായക തെളിവ് പുറത്തുവന്നപ്പോൾ അത് അട്ടിമറിക്കുന്നതിന് വേണ്ടിയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയുടെ നുണ പരിശോധനാ ഫലം മാണിക്ക് അനുകൂലമായിരുന്നെങ്കിൽ മാണിയും സർക്കാരും റിപ്പോർട്ടിനെ പാടിപുകഴ്‌ത്തുമായിരുന്നില്ലേ എന്നും വി.എസ് ചോദിച്ചു. നുണ പരിശോധനാ ഫലം അടിസ്ഥാനപ്പെടുത്തി കുറ്റപത്രം സമർപ്പിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന മാണിയുടെ പ്രസ്താവനയും വിജിലൻസിനെ ഭീഷണിയുടെ മുൾമുനയിൽ നിർത്താനുള്ള തന്ത്രമാണെന്നും വി.എസ് പറഞ്ഞു.

ശ്രീവിദ്യ ചാരിറ്റബിൾ സൊസൈറ്റി സർക്കാർ ഏറ്റെടുക്കണo;കെ.ബി. ഗണേശ് കുമാർ

Written By Unknown on Monday, 25 May 2015 | 20:14

കൊച്ചി: ശ്രീവിദ്യ ചാരിറ്റബിൾ സൊസൈറ്റി തനിക്ക് നോക്കി നടത്താൻ സാധിക്കാത്തതിനാൽ സർക്കാർ ഏറ്റെടുക്കാൻ നിർദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കെ.ബി. ഗണേശ് കുമാർ എം.എൽ.എ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി. ഭൂമിയും ട്രസ്റ്റിന്റെ പ്രവർത്തനങ്ങളും സർക്കാർ ഏറ്റെടുക്കാനും ചെന്നൈയിലെ വസ്തുവകകൾ വിറ്റ് ആദായ നികുതി വകുപ്പ് കുടിശിക ഈടാക്കാനും നിർദ്ദേശിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. അന്തരിച്ച ചലച്ചിത്ര നടി ശ്രീവിദ്യയുടെ തിരുവനന്തപുരത്തെ  വീട്  സ്മാരകമാക്കി മാറ്റാനാകുമെന്നും ഹർജിയിൽ സൂചിപ്പിക്കുന്നു. ശ്രീവിദ്യയുടെ വിൽപത്രമനുസരിച്ച് സ്വത്തുക്കൾ ഗണേശ്കുമാറിനാണ് കൈമാറിയിട്ടുള്ളത്.

നുണ പരിശോധനാ റിപ്പോർട്ട് മാദ്ധ്യമങ്ങൾക്ക് ചോർന്നതിലെ അപാകതക്കെതിരെ മാണി.

കോട്ടയം : അമ്പിളിയുടെ നുണ പരിശോധനാ റിപ്പോർട്ട് മാദ്ധ്യമങ്ങൾക്ക് ചോർന്നു കിട്ടിയതിലെ അതൃപ്തി കെ.എം. മാണി പരസ്യമായി പ്രകടിപ്പിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേര് പറയാതെ  ആഭ്യന്തരവകുപ്പിനെ കുറ്റപ്പെടുത്തിയായിരുന്നു മാണിയുടെ പ്രതികരണം.
 
നുണപരിശോധനാ ഫലം മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്നത് ഗുരുതര പ്രശ്നമാണ്. അവ പിന്തുടർന്ന് സങ്കല്പ കഥകളും അഭ്യൂഹങ്ങളും മാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നത് ശരിയാണോ എന്ന് ആഭ്യന്തരവകുപ്പ് നോക്കണമെന്ന് മാണി പറഞ്ഞു.  ആഭ്യന്തര വകുപ്പു മന്ത്രിയുടെ വീഴ്ച ഇതിനു പിന്നിലുണ്ടോ എന്ന ചോദ്യത്തോട്  'അടുത്തു തന്നെ എല്ലാ വിവരങ്ങളും  മാദ്ധ്യമങ്ങളോട് തുറന്നു പറയാം" എന്നായിരുന്നു മറുപടി.
 
 മാണി ഗ്രൂപ്പ് ജനറൽ സെക്രട്ടറി ജോസഫ് എം. പുതുശ്ശേരിയുടെ പ്രതികരണം ഒരു പടി കൂടി കടന്നായിരുന്നു. നുണ പരിശോധനാഫലം പുറത്തുവിട്ടത് ആരെന്ന് അന്വേഷിച്ചു  നടപടി എടുക്കണം. ഫോറൻസിക് ലാബിൽ നിന്ന് സീൽവച്ച കവറിൽ ഇത് കോടതിക്ക് നല്കുന്നതാണ് നടപടി ക്രമം. അന്വേഷണ ഉദ്യോഗസ്ഥനും കോപ്പി കൈമാറും.  കെ.എം. മാണിക്കെതിരായ മസാലക്കഥകളും നുണക്കഥകളും  ചോർത്തി നല്കുന്ന ബിജു രമേശിന്റെ ശമ്പളക്കാർ ഈ അന്വേഷണ സംഘത്തിൽ ഉണ്ടോയെന്ന് അന്വേഷിച്ച് ഉറപ്പു വരുത്താൻ ആഭ്യന്തരമന്ത്രിക്ക് ബാദ്ധ്യതയുണ്ട് "-  പുതുശ്ശേരിയുടെ പ്രതികരണം മാണി ഗ്രൂപ്പിന്റെ നിലപാടായാണ് വിലയിരുത്തുന്നത്.
  
മന്ത്രി കെ.സി. ജോസഫ് മാണിയെ ന്യായീകരിച്ച്  പത്രസമ്മേളനം നടത്തി.  മാണിയുടെ അതൃപ്തി ന്യായമായതിനാൽ നുണപരിശോധനാ വാർത്ത പുറത്തു വന്നതിനെക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു കെ.സി. ജോസഫിന്റെ ആവശ്യം. വിജിലൻസ് റിപ്പോർട്ട് ഗവൺമെന്റിനും ആഭ്യന്തരമന്ത്രിക്കും കിട്ടിയിട്ടില്ല. രഹസ്യം പുറത്തുപോകുന്നതിലെ ഉദ്യോഗസ്ഥരുടെ പങ്ക് അതുകൊണ്ട് അന്വേഷിക്കണമെന്നും ജോസഫ് പറഞ്ഞു.  മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു  ഈ പ്രതികരണമെന്നാണ് കരുതുന്നത്.

മലബാര്‍ സിെമന്റ്‌സിലെ അഴിമതി സി.ബി.ഐ.അന്വേഷിക്കണം;വി.എസ്‌.

Written By Unknown on Sunday, 24 May 2015 | 19:29

തിരുവനന്തപുരം: മലബാര്‍ സിെമന്റ്‌സിലെ അഴിമതിയെക്കുറിച്ചു സി.ബി.ഐ.അന്വേഷണം നടത്തണമെന്നു പ്രതിപക്ഷ നേതാവ്‌ വി.എസ്‌. അച്യുതാനന്ദന്‍.
കെടുകാര്യസ്‌ഥതയും അഴിമതിയുംമൂലം കോടികളുടെ നഷ്‌ടമുണ്ടായതായാണു കംപ്‌ട്രോളര്‍ ആന്‍ഡ്‌ ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്‌. സ്‌ഥലം വാങ്ങിയ വകയിലെ പലിശ, സിമെന്റ്‌ നിര്‍മാണം, അസംസ്‌കൃതവസ്‌തുക്കള്‍ വാങ്ങിയതിലെ ക്രമക്കേട്‌ തുടങ്ങി വിവിധയിനങ്ങളിലായി കഴിഞ്ഞ നാലുവര്‍ഷത്തിനിടെമാത്രം നൂറുകോടിയുടെ നഷ്‌ടമുണ്ടായതായി സി.എ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്‌. മലബാര്‍ സിമെന്റ്‌സ്‌ മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണം സംബന്ധിച്ച്‌ അന്വേഷണം നടത്തിയ സി.ബി.ഐ. ഇവിടെ നടന്ന അഴിമതി അന്വേഷിച്ചിട്ടില്ല. ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണം ആത്മഹത്യയായിരുന്നെന്നു പറഞ്ഞു സി.ബി.ഐ. അന്വേഷണം അവസാനിപ്പിക്കുകയാണു ചെയ്‌തത്‌. സ്‌ഥാപനത്തിലെ അഴിമതിക്കു കൂട്ടുനില്‍ക്കാതിരുന്നതാണു ശശീന്ദ്രന്റെയും മക്കളുടെയും മരണത്തിനു കാരണമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്‌. ഈ പശ്‌ചാത്തലത്തില്‍ മലബാര്‍ സിമെന്റ്‌സിലെ അഴിമതി സി.ബി.ഐ. അന്വേഷിക്കേണ്ടത്‌ അനിവാര്യമാെണന്നും അദ്ദേഹം പ്രസ്‌താവനയില്‍ പറഞ്ഞു.

മുംബൈ ഇന്ത്യന്‍സ്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ജേതാക്കളായി.

കൊല്‍ക്കത്ത: ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 41 റണ്ണിനു തോല്‍പ്പിച്ച്‌ മുംബൈ ഇന്ത്യന്‍സ്‌ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ എട്ടാമത്‌ സീസണില്‍ ജേതാക്കളായി. ആദ്യം ബാറ്റ്‌ ചെയ്‌ത മുംബൈ ഇന്ത്യന്‍സ്‌ അഞ്ച്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 202 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത സൂപ്പര്‍ കിങ്‌സിന്‌ കളി അവസാനിക്കുമ്പോള്‍ എട്ട്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 161 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.
മുംബൈ രണ്ടാം തവണയാണ്‌ ഐ.പി.എല്‍. കിരീടം നേടുന്നത്‌. ഇതോടെ രണ്ട്‌വട്ടം ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്, സൂപ്പര്‍ കിങ്‌സ് എന്നിവരുടെ പട്ടികയില്‍ മുംബൈയും സ്‌ഥാനം പിടിച്ചു. മുംബൈ മൂന്നാം തവണയാണ്‌ ഫൈനലില്‍ കളിക്കുന്നത്‌. രണ്ട്‌ ടീമുകളും മൂന്നാം തവണയാണ്‌ ഐ.പി.എല്‍. ഫൈനലില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്‌. 2010 ലെ ഫൈനലില്‍ മുംബൈയെ തോല്‍പ്പിച്ച്‌ ചെന്നൈ ജേതാക്കളായി. 2013 സീസണില്‍ ചെന്നൈയെ കീഴടക്കി മുംബൈ ജേതാക്കളുമായി. 2010, 2011 സീസണുകളില്‍ ഐ.പി.എല്‍. കിരീടത്തില്‍ മുത്തമിട്ട ചെന്നൈ ആറാം തവണയാണ്‌ ഫൈനലില്‍ കളിക്കുന്നത്‌. ഐ.പി.എല്ലില്‍ ഹാട്രിക്ക്‌ കിരീടം നേടുന്ന ആദ്യ ടീമെന്ന നേട്ടമാണ്‌ ചെന്നൈയുടെ കൈയില്‍നിന്നു വഴുതിയത്‌.
ഓപ്പണര്‍ ലെന്‍ഡല്‍ സിമ്മണ്‍സ്‌ (45 പന്തില്‍ മൂന്ന്‌ സിക്‌സറും എട്ട്‌ ഫോറുമടക്കം 68), നായകന്‍ രോഹിത്‌ ശര്‍മ (26 പന്തില്‍ രണ്ട്‌ സിക്‌സറും ആറ്‌ ഫോറുമടക്കം 50) എന്നിവരുടെ അര്‍ധ സെഞ്ചുറികളും കെയ്‌റോണ്‍ പൊള്ളാര്‍ഡ്‌ (18 പന്തില്‍ 36), അമ്പാട്ടി റായിഡു (24 പന്തില്‍ മൂന്ന്‌ സിക്‌സര്‍ അടക്കം പുറത്താകാതെ 36), ഹര്‍ഭജന്‍ സിങ്‌ (മൂന്ന്‌ പന്തില്‍ പുറത്താകാതെ ആറ്‌) എന്നിവരുടെ വെടിക്കെട്ടുകളുമാണ്‌ മുംബൈയുടെ സ്‌കോര്‍ 200 കടത്തിയത്‌. ടോസ്‌ നേടിയ സൂപ്പര്‍ കിങ്‌സ് നായകന്‍ എം.എസ്‌. ധോണി മുംബൈയെ ബാറ്റിങ്ങിനു വിട്ടു. ആദ്യ ഓവറില്‍ തന്നെ പാര്‍ഥിവ്‌ പട്ടേല്‍ റണ്ണെടുക്കാതെ മടങ്ങി. ആശിഷ്‌ നെഹ്‌റയുടെ പന്ത്‌ മിഡ്‌ ഓണിലേക്കു തട്ടിയിട്ട പാര്‍ഥിവ്‌ സിംഗിളിനായി ഓടി. ഓടിയെത്തിയ ഫാഫ്‌ ഡു പ്ലെസിസിന്റെ ബാക്ക്‌ ഹാന്‍ഡ്‌ ത്രോ ബെയ്‌ല്‍സ്‌ തെറുപ്പിക്കുമ്പോള്‍ പാര്‍ഥിവ്‌ പട്ടേല്‍ ക്രീസില്‍നിന്ന്‌ ഇഞ്ചുകള്‍ അകലെയായിരുന്നു. ആദ്യ ഓവറില്‍ വിക്കറ്റ്‌ വീണതിന്റെ ആഹ്‌ളാദം സൂപ്പര്‍ കിങ്‌സ് താരങ്ങളില്‍നിന്നു വൈകാതെ മാഞ്ഞു. മോഹിത്‌ ശര്‍മ എറിഞ്ഞ രണ്ടാമത്തെ ഓവറില്‍ സിക്‌സും രണ്ട്‌ ഫോറുമടിച്ച്‌ രോഹിത്‌ ശര്‍മ രണ്ടും കല്‍പ്പിച്ച്‌ ആഞ്ഞടിക്കുകയാണു നയമെന്നു പ്രഖ്യാപിച്ചു. നെഹ്‌റ എറിഞ്ഞ മൂന്നാമത്തെ ഓവറിലും പന്ത്‌ രണ്ട്‌ തവണ അതിര്‍ത്തി കടന്നു. ഓഫ്‌ സ്‌പിന്നര്‍ ആര്‍. അശ്വിനെ നാലാം ഓവറില്‍ പന്തേല്‍പ്പിച്ച്‌ ധോണി പരീക്ഷണത്തിനു മുതിര്‍ന്നു. നേരിട്ട ആദ്യ പന്ത്‌ അതിര്‍ത്തി കടത്തി സിമ്മണ്‍സ്‌ ധോണിയെ ഞെട്ടിച്ചു. മൂന്നാമത്തെ പന്ത്‌ സിക്‌സറിനു പറത്തി സിമ്മണ്‍സ്‌ അശ്വിനെ കടന്നാക്രമിച്ചു. സിമ്മണ്‍സ്‌ 14 റണ്ണില്‍ നില്‍ക്കേ നെഹ്‌റയുടെ പന്തില്‍ വിക്കറ്റ്‌ കീപ്പര്‍ കൂടിയായ ധോണി ക്യാച്ച്‌ വിട്ടതും സൂപ്പര്‍ കിങ്‌സിന്‌ തിരിച്ചടിയായി. ആറാം ഓവര്‍ എറിയാനെത്തിയ ഇടംകൈയന്‍ സ്‌പിന്നര്‍ രവീന്ദ്ര ജഡേജയെയും സിമ്മണ്‍സ്‌ കടന്നാക്രമിച്ചു. ഒരു സിക്‌സറും ഒരു ഫോറുമടക്കം 14 റണ്ണാണ്‌ ജഡേജ ആദ്യ ഓവറില്‍ നല്‍കിയത്‌. ആ ഓവറില്‍ മുംബൈയുടെ സ്‌കോര്‍ 50 കടന്നു. രോഹിത്‌ ശര്‍മ വ്യക്‌തിഗത സ്‌കോര്‍ 39 ല്‍ നില്‍ക്കേ നല്‍കിയ ക്യാച്ച്‌ പവന്‍ നേഗി പിടിക്കാന്‍ ഏറെ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. രണ്ടാം വിക്കറ്റ്‌ കൂട്ടുകെട്ട്‌ 27 പന്തില്‍ 50 റണ്ണും 57 പന്തില്‍ 100 റണ്ണും കൂട്ടിച്ചേര്‍ത്തു. 35 പന്തിലാണ്‌ സിമ്മണ്‍സ്‌ അര്‍ധ സെഞ്ചുറി കടന്നത്‌. കൂടുതല്‍ ആക്രമിച്ചു കളിച്ച രോഹിത്‌ ശര്‍മ 25 പന്തിലാണ്‌ 50 റണ്ണെടുത്തത്‌. അര്‍ധ സെഞ്ചുറി നേടിയതിനു പിന്നാലെ ഡെ്വയ്‌ന്‍ ബ്രാവോയുടെ പന്തില്‍ അനാവശ്യ ഷോട്ടിനു ശ്രമിച്ച രോഹിതിനെ ജഡേജ പിടികൂടി. നായകന്‍ പുറത്തായി വൈകാതെ സിമ്മണ്‍സും മടങ്ങി. ഡെ്വയ്‌ന്‍ സ്‌മിത്തിന്റെ പന്ത്‌ വഴിതിരിച്ചു വിടാന്‍ ശ്രമിച്ച സിമ്മണ്‍സിന്റെ വിക്കറ്റ്‌ തെറിച്ചു. സൂപ്പര്‍ കിങ്‌സിന്റെ ഓപ്പണര്‍ ഡെ്വയ്‌ന്‍ സ്‌മിത്ത്‌ (48 പന്തില്‍ 57), സുരേഷ്‌ റെയ്‌ന (19 പന്തില്‍ 28), നായകന്‍ എം.എസ്‌. ധോണി (13 പന്തില്‍ 18) എന്നിവര്‍ക്കു മാത്രമേ വിജയ പ്രതീക്ഷ നല്‍കാന്‍ കഴിഞ്ഞുള്ളു. ഏഴ്‌ പന്തില്‍ രണ്ട്‌ സിക്‌സറും ഒരു ഫോറുമടക്കം 21 റണ്ണെടുത്തു പുറത്താകാതെനിന്ന മോഹിത്‌ ശര്‍മയും എട്ട്‌ പന്തില്‍ 11 റണ്ണുമായിനിന്ന രവീന്ദ്ര ജഡേജയുടെയും പോരാട്ടം വിഫലമായി. മുംബൈക്കു വേണ്ടി മിച്ചല്‍ മക്‌ഗ്ലെഹാന്‍ മൂന്ന്‌ വിക്കറ്റും ലസിത്‌ മലിംഗ, ഹര്‍ഭജന്‍ സിങ്‌ എന്നിവര്‍ രണ്ട്‌ വിക്കറ്റ്‌ വീതവും വിനയ്‌ കുമാര്‍ ഒരു വിക്കറ്റുമെടുത്തു.
 
Copyright © 2014. Mvartha.com - All Rights Reserved
Proudly powered by axinture
Powered by Blogger.